തിരുവനന്തപുരം: ഹയർസെക്കൻഡറി/ടെക്നിക്കൽ ഹയർസെക്കൻഡറി/ആർട്ട് ഹയർസെക്കൻഡറി രണ്ടാം വർഷ സേ/ ഇംപ്രൂവ്മെന്റ് പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു. പരീക്ഷകൾ ജൂലൈ 25 മുതൽ 30 വരെയാണ്. ഗൾഫ് മേഖലയിലെ സ്കൂളുകളിൽ പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് യു.എ.ഇയിലുള്ള പരീക്ഷകേന്ദ്രത്തിലോ അതത് വിഷയ കോമ്പിനേഷനുള്ള കേരളത്തിലെ ഏതെങ്കിലും കേന്ദ്രത്തിലോ പരീക്ഷയെഴുതാം.
2022 മാർച്ചിൽ ആദ്യമായി രണ്ടാം വർഷ പരീക്ഷക്ക് രജിസ്റ്റർ ചെയ്ത് ഉന്നത പഠനത്തിന് യോഗ്യത നേടാൻ സാധിക്കാത്ത റെഗുലർ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 2022 മാർച്ച് പരീക്ഷയിൽ ഡി പ്ലസ് ഗ്രേഡോ അതിനുമുകളിലോ നേടാനാവാത്ത വിദ്യാർഥികൾ യോഗ്യത നേടാത്ത എല്ലാ വിഷയങ്ങൾക്കും രജിസ്റ്റർ ചെയ്യണം.
2022 മാർച്ചിൽ കമ്പാർട്ട്മെന്റൽ വിഭാഗത്തിൽ രണ്ടാം വർഷ പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് ഡി പ്ലസ് ഗ്രേഡോ അതിനുമുകളിലോ നേടാൻ സാധിക്കാത്ത എല്ലാ വിഷയങ്ങൾക്കും അപേക്ഷിക്കാം. 2022 മാർച്ചിൽ ആദ്യമായി പരീക്ഷയെഴുതി എല്ലാ വിഷയത്തിനും ഡി പ്ലസ് ഗ്രേഡോ അതിനുമുകളിലോ നേടിയവർക്ക് ഏതെങ്കിലും ഒരു വിഷയത്തിനു മാത്രം ഗ്രേഡ് മെച്ചപ്പെടുത്താൻ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് അപേക്ഷിക്കാം.
സേ/ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് മാതൃസ്കൂളുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 25. സ്കൂൾ പ്രിൻസിപ്പൽമാർ ട്രഷറിയിൽ ഫീസ് ഒടുക്കേണ്ട അവസാന തീയതി: ജൂൺ 27. 600 രൂപ ഫൈനോടെ അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതി: ജൂൺ 29. സേ പരീക്ഷ ഫീസ് പേപ്പറൊന്നിന്-150രൂപ, ഇംപൂവ്മെന്റ് - 500 രൂപ, പ്രായോഗിക പരീക്ഷ ഫീസ്: 25 രൂപ. സർട്ടിഫിക്കറ്റ് ഫീസ് 40 രൂപ. വിവരങ്ങൾക്ക്: www.dhsekerala.gov.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.