ശാസ്ത്ര വിഷയങ്ങളിൽ യു.ജി.സി നെറ്റ് ഫെബ്രുവരി 16-28 വരെ

ശാസ്ത്ര വിഷയങ്ങളിൽ 2024 ഡിസംബറിലെ സംയുക്ത സി.എസ്.ഐ.ആർ-യു.ജി.സി നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ഫെബ്രുവരി 16-28 വരെ നടത്തും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാ ചുമതല. ഇന്ത്യയിലെ സർവകലാശാലകളിലും കോളജുകളിലും മറ്റും ജൂനിയർ റിസർച് ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിനും പിഎച്ച്.ഡി പ്രവേശനത്തിനും അസി. പ്രഫസറാകാനുമ​ുള്ള യോഗ്യതാ നിർണയ പരീക്ഷയാണിത്. വിശദവിവരങ്ങൾ https://csirnet.nta.ac.in ൽ ലഭിക്കും.

കെമിക്കൽ സയൻസസ്, എർത്ത്-അറ്റ്മോസ്ഫെറിക്-ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് വിഷയങ്ങളിലാണ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലാണ് ചോദ്യങ്ങൾ. മൂന്ന് മണിക്കൂർ അനുവദിക്കും. പരീക്ഷാ ഘടനയും സിലബസും വെബ്സൈറ്റിലുണ്ട്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം. ഒ.ബി.സി-നോൺ ക്രീമിലെയർ/ എസ്.സി/ എസ്.ടി/ ഭിന്നശേഷി/ തേഡ് ​െജൻഡർ വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി. മാസ്റ്റേഴ്സ് കോഴ്സിൽ പഠിക്കുന്നവർക്കും യോഗ്യതാ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധി ജെ.ആർ.എഫിന് 30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്. അസി. പ്രഫസർ, പിഎച്ച്.ഡി പ്രവേശനം എന്നിവക്ക് പ്രായപരിധിയില്ല. ഓൺ​െലെനായി ഡിസംബർ 30 വരെ രജിസ്റ്റർചെയ്യാം. 31 വരെ ഫീസടക്കാം. അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിന് ജനുവരി 1, 2 തീയതികളിൽ സൗകര്യം ലഭിക്കും.

പരീക്ഷാ കേന്ദ്രങ്ങൾ: കേരളത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.

ജെ.ആർ.എഫ് യോഗ്യത നേടുന്നവർക്ക് ഗവേഷണപഠനത്തിന് ആദ്യത്തെ രണ്ട് വർഷക്കാലം പ്രതിമാസം 37,000 രൂപയും തുടർന്നുള്ള വർഷങ്ങളിൽ 42,000 രൂപയും വാർഷിക കണ്ടിൻജന്റ് ഗ്രാന്റായി 20,000 രൂപയും ലഭിക്കും.

Tags:    
News Summary - UGC NET in science subjects from February 16-28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.