ശ്രീരാമ ചിത്രവും അർച്ചന നടത്താൻ ഉണക്കലരിയും മഞ്ഞളും ചേർന്ന അക്ഷതവും വീടുകളിലെത്തിക്കുന്ന തിരക്കിലാണ് മറ്റെല്ലായിടത്തുമെന്നപോലെ കേരളത്തിലും ആർ.എസ്.എസ് പ്രവർത്തകർ. അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്നതിന് ഒരാഴ്ച മുമ്പ് അക്ഷതം കൈമാറുന്ന നടപടി പൂർത്തിയാക്കും. സംഭാവന സമാഹരിക്കും.
എൽ.കെ. അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി തുടങ്ങിയവരുടെ കാര്യമെന്തായാലും, 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തപ്പോൾ അവിടെ ഉണ്ടായിരുന്ന കർസേവകരെ 22ലെ പ്രതിഷ്ഠ ചടങ്ങിലേക്ക് എത്തിക്കാൻ പ്രത്യേക ക്രമീകരണവും ഒരുക്കുന്നുണ്ട്. തുടർന്നങ്ങോട്ട് രാമക്ഷേത്ര സന്ദർശനത്തിന് ആർ.എസ്.എസുകാർ പോകുന്നത് ഊഴമിട്ടാണ്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്ന മേയ് മാസവും കടന്നുനിൽക്കുകയാണ് അവരുടെ പട്ടിക. ആ രാഷ്ട്രീയം പ്രത്യേകമായി പറയേണ്ടതില്ല.
സംഘ്പരിവാറിന്റെ ആഘോഷവും അർമാദവും മനസ്സിലാക്കാവുന്നതേയുള്ളൂ. പതിറ്റാണ്ടുകളുടെ തന്ത്ര-കുതന്ത്രവും ചതിയും അക്രമവും കള്ളവും കൗശലവുമെല്ലാം ഏകപക്ഷീയ ഭരണത്തിന്റെ തണലിൽ പവിത്രകർമങ്ങളായി സ്ഥാപിക്കപ്പെടുന്ന ചരിത്രത്തിന്റെ മറ്റൊരു മുഹൂർത്തത്തിലേക്കാണ് അവർ ചുവടുവെക്കുന്നത്.
എന്നാൽ, ശരിതെറ്റുകൾ വേർതിരിച്ച് അറിയുകയും അറിയിക്കുകയും ചെയ്യാൻ ബാധ്യതയുള്ള മാധ്യമങ്ങളും ഭരണഘടനാ സങ്കൽപങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യതയുള്ള ഇതര രാഷ്ട്രീയ പാർട്ടികളും ചെയ്യുന്നത് എന്താണ്? പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണപത്രം കിട്ടിയ കോൺഗ്രസ് അടക്കം പ്രധാന പാർട്ടികൾ പലതും പോകണോ, വേണ്ടയോ എന്ന തീരുമാനമെടുക്കാൻ ശങ്കിച്ചു നിൽക്കുന്നു. രാമക്ഷേത്ര പ്രതിഷ്ഠ അവിചാരിതമായി കടന്നുവന്ന ഒന്നല്ല.
വർഷങ്ങളായി നിർമാണം നടക്കുന്നതിനാൽ എന്നെങ്കിലും ഇത്തരമൊരു ക്ഷണക്കത്ത് കൈയിൽ കിട്ടുമെന്ന് വ്യക്തവുമായിരുന്നു. എങ്കിലും ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് ഇപ്പോൾ കോൺഗ്രസിന്റെ താത്ത്വിക ലൈൻ. രാമക്ഷേത്രത്തിന്റെ കല്ലും മരവും അലങ്കാരങ്ങളും വർണിക്കാനും കൊത്തുപണിക്കാരുടെ ഇന്റർവ്യൂ തരപ്പെടുത്താനുമാണ് മാധ്യമലോകത്തിന്റെ മത്സരം.
കാരണം, ഇത് ‘ഹിന്ദു അഭിമാന’മത്രേ. ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ വോട്ടും വികാരവും പാർട്ടികൾക്കും റീഡർ/വ്യൂവർഷിപ് മാധ്യമങ്ങൾക്കും പ്രധാനമത്രേ. കേവല ഭൂരിപക്ഷം നേടുന്നവർ ഭരിക്കുകയും, ന്യൂനപക്ഷ വികാര വിചാരങ്ങൾ ചവിട്ടിമെതിക്കുകയും ചെയ്യുന്നതല്ല ജനാധിപത്യമെന്ന അഞ്ചക്ഷരത്തിന്റെ അന്തഃസത്തയെന്ന് വിളിച്ചുപറഞ്ഞ് ശരിതെറ്റുകൾ ജനത്തെ ഓർമപ്പെടുത്താൻ ബാധ്യതപ്പെട്ടവരാണ് ഇങ്ങനെ ചെയ്യുന്നത്.
മതനിരപേക്ഷ, ജനാധിപത്യ ഭരണഘടനക്കൊത്ത് ബാബരി മസ്ജിദ് കേസിൽ തെറ്റും കുറ്റവും വ്യവച്ഛേദിക്കുന്നതിൽ സുപ്രീംകോടതി വിധിപോലും പാളിപ്പോവുകയായിരുന്നു. ആ വിധിന്യായത്തിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസിന് സവിശേഷ പാരിതോഷികം പോലെയാണ് രാജ്യസഭ സീറ്റ് കിട്ടിയത്. ഒക്കെയും പഴങ്കഥ. എങ്കിലും നീതികേടും ചതിയും അക്രമവും കൗശലവും അടിത്തറയാക്കി കെട്ടിയുയർത്തിയ മന്ദിരത്തിൽ ഭഗവാൻ ശ്രീരാമൻ എങ്ങനെ കുടികൊള്ളുമെന്ന ചോദ്യം ബാക്കിയാണ്.
അനീതി നടന്നേടത്ത് ആത്മീയത വാഴുമോ? നീതികേട് നടന്നേടത്ത് പവിത്രമായ വികാരത്തോടെ യഥാർഥ വിശ്വാസിക്ക് കൈ കൂപ്പിനിന്ന് പ്രാർഥിക്കാനാവുമോ? ബാബരി മസ്ജിദ് പൊളിച്ച ഭൂമിയിൽ പ്രതിഷ്ഠിക്കുന്നത് യഥാർഥത്തിൽ രാഷ്ട്രീയ രാമന്റെ ആലയമാണ്.
പള്ളി പൊളിച്ച കുറ്റത്തിൽനിന്ന് ഉത്തരവാദികൾക്ക് ഒരു കാലത്തും മോചനമില്ല. 1992 ഡിസംബർ ആറുവരെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ബാബരി മസ്ജിദ് അവിടെ നിലനിന്നിരുന്നെന്നും ഏതെങ്കിലും ക്ഷേത്രം പൊളിച്ച് അത് നിർമിച്ചതിന് തെളിവില്ലെന്നും സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ട്. 1949 വരെ മുസ്ലിംകൾ അവിടെ പ്രാർഥിച്ചിരുന്നു. ആ വർഷമാണ് ‘അജ്ഞാതർ’ അവിടെ വിഗ്രഹങ്ങൾ കൊണ്ടുപോയി വെച്ചത്.
1949ൽ വിഗ്രഹം വെച്ചതും 1992ൽ ബാബരി മസ്ജിദ് തകർത്തതും കുറ്റകൃത്യമാണെന്നും സുപ്രീംകോടതി അടിവരയിട്ടു പറഞ്ഞു -ഇന്നും ആരും ശിക്ഷിക്കപ്പെടാത്ത കുറ്റം. 2019 നവംബർ ഒമ്പതിലെ സുപ്രീംകോടതി വിധിയാകട്ടെ, ശരിതെറ്റുകൾ കൃത്യമായി വ്യവച്ഛേദിക്കുന്നതിനപ്പുറം ഹിന്ദുക്കളുടെ അഭിലാഷ പൂർത്തീകരണത്തിനെന്നോണം ബാബരി ഭൂമി ക്ഷേത്ര നിർമാണത്തിന് വിട്ടുകൊടുക്കുകയും പള്ളി പണിയാൻ വേറെ സ്ഥലം കണ്ടെത്തിക്കൊടുക്കാൻ നിർദേശിക്കുകയും ചെയ്ത, ഒത്തുതീർപ്പു വിധിയാണ്.
മത-ജാതികൾക്ക് അതീതമായി പ്രവർത്തിക്കാൻ ഭരണഘടനാപരമായി ബാധ്യതയുള്ള പ്രധാനമന്ത്രിയാണ് രാഷ്ട്രീയ ലാക്കോടെ ക്ഷേത്ര ശിലാന്യാസത്തിന്റെയും പ്രതിഷ്ഠയുടെയും നായക റോളിൽ. ഇക്കാര്യങ്ങളെല്ലാം മുൻനിർത്തി നിലപാടെടുക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ധൈര്യവും വിവേകവും ഒരിക്കൽകൂടി അളക്കുന്ന സന്ദർഭമാണ് പ്രതിഷ്ഠാവേള. പ്രധാനമായും കോൺഗ്രസിന്റെ മൃദുഹിന്ദുത്വ ഭീരുത്വത്തിൽ, മതനിരപേക്ഷ വിമുഖതയിൽ നിർമിച്ചെടുത്തതാണ് രാമക്ഷേത്രമെന്നുകൂടി കൂട്ടിച്ചേർക്കാം.
മതവിശ്വാസങ്ങൾ, ആഘോഷങ്ങൾ, ആരാധനാലയ നിർമാണങ്ങൾ എന്നിവയിൽനിന്നെല്ലാം ഭിന്നമാണ് അയോധ്യയിലെ മാമാങ്കം. ഹിന്ദുക്കളുടെ മനസ്സ് കീഴടക്കാൻ രാമനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുക വഴി, ബി.ജെ.പിയും സംഘ്പരിവാറും രാമന്റെ രക്ഷാധികാരി ചമയുകയാണ്. ഇതിന് സമ്മതിച്ചു കൊടുക്കുന്നത്, മതകാര്യങ്ങളിൽ മേധാവിത്തവും അവസാനവാക്കും ബി.ജെ.പി-സംഘ്പരിവാറാണെന്ന് അംഗീകരിക്കലാണ്. രാജ്യത്തെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന അജണ്ട ഏറ്റുവാങ്ങുകകൂടിയാണ്.
മനുഷ്യൻ കെട്ടുപോയാൽ പിന്നെ മതം കൊണ്ട് എന്തു പ്രയോജനമെന്നാണ് പോയ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്കർത്താക്കളിൽ ഒരാളായ ശ്രീനാരായണ ഗുരു ചോദിച്ചത്. ഹിന്ദു സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ ശ്രീനാരായണഗുരു നടത്തിയ ‘ഈഴവ ശിവ’ പ്രതിഷ്ഠയിൽനിന്ന് അയോധ്യയിലെ രാഷ്ട്രീയ രാമ പ്രതിഷ്ഠയിലേക്കുള്ള ദൂരം അതാണ്. പക്ഷേ, പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്, അയോധ്യയിൽ നമ്മുടെ സംസ്കാരങ്ങൾ സംഗമിക്കുന്നുവെന്നാണ്.
വിഭാഗീയതയുടെ സംസ്കാരത്തിന് അതീതമായി, ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവവും സോദരത്വേന വാഴുന്നതാണ് നമ്മുടെ സംസ്കാരവും പാരമ്പര്യവുമെന്ന് ഉറച്ചു പറയേണ്ടതാണ് സന്ദർഭം. പക്ഷേ, ശ്രീരാമ ചിത്രവും രാഷ്ട്രീയ അക്ഷതവും വിറ്റ് വോൈട്ടക്യം ഉറപ്പിക്കുന്ന കാവി രാഷ്ട്രീയത്തിന് കളം വിട്ടുകൊടുക്കുന്നതാണ് കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.