അയോധ്യക്കൊപ്പം രാജ്യത്തെ ചെറുതും വലുതുമായ സകല ക്ഷേത്രങ്ങൾക്കും ഹൈന്ദവ ജാതി-ഉപജാതികൾക്കും മേൽ കാവിക്കൊടി നാട്ടാനാണ് സംഘ്പരിവാർ കച്ച മുറുക്കുന്നത്
ഡൽഹിയിലെ മുക്കുമൂലകളിൽ സന്ധ്യക്ക് ശംഖനാദം. പെരുമ്പറ മുഴക്കം. നെറ്റിയിൽ കാവി കൈലേസ് മടക്കിക്കെട്ടിയ ചെറുസംഘങ്ങളുടെ കാവിധ്വജ പ്രണാമം. തെരുവുകൾ തോറും ബൈക്കുകളിൽ വില്ലുകുലച്ച് രാമലക്ഷ്മണന്മാരും ഗദയേന്തി സുഗ്രീവ ഹനുമാൻന്മാരും പറക്കുന്നു. ഡൽഹിയിൽ മാത്രമല്ല, വടക്കെ ഇന്ത്യയിൽ എവിടെയുമുണ്ട് ഈ ഉന്മാദക്കാഴ്ച. 22ന്റെ മുന്നൊരുക്കമാണ്. അന്നാണ് അയോധ്യയിലെ രാമമന്ദിരത്തിൽ പ്രാണപ്രതിഷ്ഠ.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച രണ്ടര വരെ അവധി പ്രഖ്യാപിക്കുന്നതിനുമുമ്പേ, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും മുതിർന്ന അഭിഭാഷകനുമായ മനൻകുമാർ മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കത്തെഴുതി.
‘‘രാമമന്ദിരോദ്ഘാടനം നടക്കുന്നതിന്റെ സാംസ്കാരിക-ദേശീയ പ്രാധാന്യം മുൻനിർത്തി രാജ്യത്തെ എല്ലാ കോടതികൾക്കും തിങ്കളാഴ്ച അവധി അനുവദിക്കണം. ദീർഘകാല സ്വപ്നം യാഥാർഥ്യമാവുന്ന, രാജ്യത്തിന്റെ ഘടന നിർവചിക്കുന്നതിൽ നിർണായകമായിത്തീർന്ന നിയമ നടപടിയുടെ പൂർത്തീകരണ ദിനം കൂടിയാണ് അന്ന്’’
2019ലെ സുപ്രീംകോടതി വിധിയാണ് അവിടെ ക്ഷേത്രം ഉയരാൻ നിമിത്തമായതെന്ന് വിധിപ്രസ്താവത്തിൽ പങ്കാളിയായിരുന്ന ചീഫ് ജസ്റ്റിസിനെ കത്തിൽ ഓർമിപ്പിച്ചിട്ടുണ്ട്. വിധി പറഞ്ഞ ബെഞ്ചിന് നേതൃത്വം നൽകിയ പഴയ ചീഫ് ജസ്റ്റിസിനെ ആറു വർഷത്തേക്ക് രാജ്യസഭയിൽ ചിരപ്രതിഷ്ഠ നടത്തിയ കാര്യം പക്ഷേ, അതിൽ പറഞ്ഞിട്ടില്ല.
അയോധ്യയുടെ മണ്ണിൽ ആരാധനാലയ നിയമം കുഴിച്ചുമൂടിയ കാര്യവും പറഞ്ഞിട്ടില്ല. സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യ കൺതുറന്ന 1947ൽ രാജ്യത്തെ ആരാധനാലയങ്ങൾ എങ്ങനെയായിരുന്നോ, അതേപടി തുടരാനാണ് ആരാധനാലയ നിയമത്തിൽ വ്യവസ്ഥ ചെയ്തത്. നിയമം പൊളിച്ചടുക്കാതെ തന്നെ, ബാബരി മസ്ജിദ് തകർത്തുതരിപ്പണമാക്കി.
ആ മണ്ണിലാണ് രാമമന്ദിരം. അവിടത്തെ പ്രാണപ്രതിഷ്ഠക്കാണ് മതനിരപേക്ഷ-ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ‘യജമാന’ വേഷം കെട്ടുന്നത്. ലാഭമോഹാദികൾ വെടിഞ്ഞ് സത്യാഹിംസകൾ ഉയർത്തിപ്പിടിച്ച് ശരീരത്തെയും മനസ്സിനെയും പാകപ്പെടുത്താനുള്ള യമനിയമങ്ങൾ അനുഷ്ഠിച്ച് അമ്പലങ്ങൾ താണ്ടി ജനങ്ങൾക്ക് മുഴുസമയ ടി.വി ദർശനം നൽകുന്നത്.
അയോധ്യ വിധിയുടെ മറപറ്റി നീങ്ങുമ്പോഴും നീതിയുടെ ത്രാസ് കുത്തനെ ചരിഞ്ഞുകിടക്കുന്നത് അവധിയപേക്ഷ നൽകിയവരുടെ മനസ്സിനെ അലട്ടുന്നതായി കത്തിൽ കണ്ടില്ല. ബാബരി മസ്ജിദ് പൊളിച്ച ഭൂമിയിൽ രാമക്ഷേത്രം ഉയർത്തുന്നതിനൊപ്പം മറ്റൊരഞ്ചേക്കർ അനുവദിച്ച് പള്ളി പണിയണമെന്നു കൂടി സുപ്രീംകോടതി വിധിയിൽ ഉണ്ടായിരുന്നു.
2,000 കോടിയോളം രൂപ ചെലവിട്ട് പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയുടെ നേതൃത്വത്തിൽ അതിശീഘ്രം രാമക്ഷേത്രം ഉയർത്തിയപ്പോൾ, അഞ്ചേക്കർ തരിശു ഭൂമിയായിത്തന്നെ കിടക്കുന്നു. അങ്ങനെയൊരു പള്ളി വേണമെന്നും അവിടെപ്പോയി പ്രാർഥിക്കണമെന്നും ‘മറു’പക്ഷത്തെ ബഹുഭൂരിപക്ഷത്തിനും അഭിപ്രായമുണ്ടാവില്ല. അതു വേറെ കാര്യം. പക്ഷേ, ഇപ്പോൾ സർക്കാർ നടപ്പാക്കുന്നത് സുപ്രീംകോടതി വിധിയുടെ ഒരു ഭാഗം മാത്രം.
എത്ര എളുപ്പമാണ്, ചരിത്രം കുഴിച്ചുമൂടാൻ! 31 വർഷം മുമ്പുവരെ പല തലമുറകൾ കണ്ടുപോന്ന മിനാരങ്ങൾ തകർത്തെറിഞ്ഞ് ഐതിഹ്യത്തിന്റെ കുംഭഗോപുരങ്ങൾ പ്രതിഷ്ഠിക്കുന്നു. നിയമവാഴ്ച അട്ടിമറിക്കാൻ സംവിധാനങ്ങൾ തേരുതെളിക്കുന്നു. അത് ജനങ്ങളുടെ അനുഭൂതിയും അർമാദവുമാക്കി മാറ്റുന്നു. ഹിന്ദുവിന്റെ ആത്മീയ രാമനെ സംഘ്പരിവാറിന്റെയും ബി.ജെ.പിയുടെയും രാഷ്ട്രീയ രാമൻ കീഴടക്കുന്നു.
യഥാർഥത്തിൽ ഹിന്ദുവിന്റെ ആത്മീയ-വിശ്വാസ-ആചാര-അനുഷ്ഠാനങ്ങളുടെ ആജ്ഞാശക്തിയായി ബി.ജെ.പിയും സംഘ്പരിവാറും അധീശത്വം സമ്പാദിക്കുന്ന പ്രാണപ്രതിഷ്ഠയാണ് അയോധ്യയിൽ നടക്കുന്നത്. അയോധ്യക്കു ചുറ്റുമുള്ള ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും കൈയടക്കി വമ്പൻ ആത്മീയ കച്ചവട ഇടപാടുകളുടെ പുതിയ എക്സ്പ്രസ് വേ തുറക്കുന്ന ചിത്രം, അതു വേറെ.
അയോധ്യക്കൊപ്പം രാജ്യത്തെ ചെറുതും വലുതുമായ സകല ക്ഷേത്രങ്ങൾക്കും ഹൈന്ദവ ജാതി-ഉപജാതികൾക്കും മേൽ കാവിക്കൊടി നാട്ടാനാണ് സംഘ്പരിവാർ കച്ച മുറുക്കുന്നത്. എൽ.കെ. അദ്വാനിയുടെ രഥയാത്രയിൽ കണ്ടതിന്റെ പതിന്മടങ്ങ് ആവേശമുണർത്തി ലോക്സഭ തെരഞ്ഞെടുപ്പ് മോദിയുടെ ജൈത്രയാത്രയും മൂന്നാമൂഴവുമാക്കാൻ ബി.ജെ.പി കാഹളം മുഴക്കുന്നു.
അയോധ്യ അജണ്ടയാക്കി ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ഉന്മാദ പ്രതിഷ്ഠ കൂടിയാണ് നടക്കുന്നത്. അന്നേരം, 2024ഉം കൈവിട്ട മട്ടിൽ പ്രതിപക്ഷ നിരയിൽ ഇതികർത്തവ്യതാ മൂഢത പടരുന്നു.
രാമനെയും രാമമന്ദിരത്തെയും എതിർത്താൽ നിലനിൽപിന്റെ കാൽച്ചുവട്ടിൽനിന്ന് ഹിന്ദുവോട്ട് ഒലിച്ചു പോകുമെന്ന് അവർ അങ്ങേയറ്റം ഉത്കണ്ഠപ്പെടുന്നു. പറയേണ്ടത് പറയാനാകാതെ വിഴുങ്ങുന്നു. ആത്മീയ രാമനെയും രാഷ്ട്രീയ രാമനെയും വേർതിരിച്ച് ജനത്തെ ബോധ്യപ്പെടുത്താൻ പാടുപെടുന്നു.
പ്രാണപ്രതിഷ്ഠ ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയിരിക്കേ, മോദിയുമായി വേദി പങ്കിടാനില്ലെന്ന് പ്രഖ്യാപിക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും കഴിഞ്ഞു. രാജ്യത്തിന്റെ ഭരണഘടന ഉദ്ഘോഷിക്കുന്ന മതനിരപേക്ഷ-ജനാധിപത്യ സങ്കൽപങ്ങൾക്ക് അനുസൃതമാണ് ആ തീരുമാനം.
എന്നാൽ, ഹിന്ദുവിരുദ്ധരല്ലെന്ന് സ്ഥാപിച്ചെടുക്കാൻ ഭരണഘടനാ ധ്വംസനം മറച്ചുപിടിക്കേണ്ടിവരുന്ന ഗതികേടിലാണ് പ്രതിപക്ഷം. ബാബരി മസ്ജിദ് എന്നൊരു വാക്ക് ഏതെങ്കിലും പ്രതിപക്ഷ പാർട്ടി നേതാക്കളുടെ, മുഖ്യധാരാ മാധ്യമങ്ങളുടെ നാവിൽ നിന്ന് അറിയാതെങ്കിലും വീണുപോയതായി ഈ ദിവസങ്ങളിൽ ശ്രദ്ധയിൽപെട്ടുവോ?
പ്രാണപ്രതിഷ്ഠക്ക് മോദിയുമായി വേദി പങ്കിടില്ലെന്ന് പറഞ്ഞവരിൽ, ബാബരി ധ്വംസനത്തിലൂടെ നിർമിക്കപ്പെട്ട മന്ദിരത്തിൽ പിന്നൊരിക്കൽ പോകണമെന്ന താൽപര്യം പ്രകടിപ്പിക്കാത്തവർ എത്രപേരുണ്ട്? അയോധ്യ കേസിലെ സുപ്രീംകോടതി വിധിയിൽ സംഭവിച്ച പക്ഷപാതം എത്രപേർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്? അവർ ബി.ജെ.പിയെ നേരിടുകയാണോ, അയോധ്യ തെരഞ്ഞെടുപ്പു പ്രമേയമാക്കി മാറ്റിക്കഴിഞ്ഞ മോദിയുടെ ജൈത്രയാത്രക്കുപിന്നാലെ പോവുകയാണോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.