വ്യാജ എൻ.സി.സി ക്യാമ്പിൽ 13 പെൺകുട്ടികൾക്ക് ലൈംഗിക പീഡനം; അധ്യാപകരും പ്രിൻസിപ്പലും അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ വ്യാജ എൻ.സി.സി (നാഷണൽ കേഡറ്റ് കോർപ്സ്) ക്യാമ്പ് സംഘടിപ്പിച്ച് 13 പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കി. സംഭവത്തിൽ ക്യാമ്പ് സംഘാടർ, സ്കൂൾ പ്രിൻസിപ്പൽ, രണ്ട് അധ്യാപകർ ഉൾപ്പെടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എൻ.സി.സി യൂണിറ്റ് ഇല്ലാത്ത സ്വകാര്യ സ്കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് സംഘടിപ്പിക്കുന്നതിലൂടെ, എൻ.സി.സി യൂണിറ്റ് ആരംഭിക്കാനുള്ള യോഗ്യത സ്കൂളിന് നേടാമെന്ന് മാനേജ്മെന്‍റിനെ സംഘാടകർ വിശ്വസിപ്പിക്കുകയായിരുന്നു. എന്നാൽ സംഘാടകരെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ സ്കൂൾ അധികൃതർ തയാറാകാതിരുന്നതാണ് ഗുരുതര വീഴ്ചകളിലേക്ക് നയിച്ചത്.

ഈ മാസമാദ്യം നടന്ന ത്രിദിന ക്യാമ്പിൽ 17 പെൺകുട്ടികൾ ഉൾപ്പെടെ 41 വിദ്യാർഥികളാണ് പങ്കെടുത്തത്. പെൺകുട്ടികളെ ഒന്നാം നിലയിലെ സ്കൂൾ ഓഡിറ്റോറിയത്തിലും ആൺകുട്ടികളെ താഴത്തെ നിലയിലുമായിരുന്നു താമസിപ്പിച്ചത്. ക്യാമ്പിന്‍റെ മേൽനോട്ടത്തിനായി അധ്യാപകരെ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ല. ഓഡിറ്റോറിയത്തിന് പുറത്തുവെച്ചാണ് തങ്ങൾക്ക് ലൈംഗിക പീഡനം നേരിടേണ്ടിവന്നതെന്ന് പെൺകുട്ടികൾ പറഞ്ഞു.

പീഡന വിവരം അറിഞ്ഞ സ്കൂൾ അധികൃതർ, സംഭവം പൊലീസിനെ അറിയിക്കാൻ തയാറായില്ല. ഇക്കാര്യം പുറത്തറിയിക്കാതെ മറച്ചുവെക്കാൻ കുട്ടികളെ നിർബന്ധിച്ചെന്നും ജില്ലാ പൊലീസ് മേധാവി പി. തങ്കദുരൈ പറഞ്ഞു. ക്യാമ്പ് സംഘടിപ്പിച്ചവർ സമാന രീതിയിൽ മറ്റേതെങ്കിലും സ്കൂളിൽ പരിപാടി സംഘടിപ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പെൺകുട്ടികളുടെ വൈദ്യപരിശോധന പൂർത്തിയായി. സംഭവത്തിൽ ജില്ലാ ശിശുക്ഷേമ സമിതിയും അന്വേഷണമാരംഭിച്ചു.

Tags:    
News Summary - 13 Girls Sexually Assaulted At Fake NCC Camp, Teachers, Principal Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.