ഹൈദരാബാദ്: നിർബന്ധിത വേശ്യാവൃത്തിക്ക് ഇരയായ പതിമൂന്നുകാരിയെ എട്ട് മാസത്തിനിടെ 80 പേർ പീഡിപ്പിച്ചതായി റിപ്പോർട്ട്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി.
സംഭവത്തിൽ ബി.ടെക് വിദ്യാർഥിയുൾപ്പെടെ പത്ത് പേരെ ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും അധികൃതർ അറിയിച്ചു.
2021 ആഗസ്റ്റിലാണ് പെൺകുട്ടിയുടെ പിതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യപ്രതിയായ സവർണ കുമാരിയെ 2022 ജനുവരിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ പശ്ചാത്തലം മനസ്സിലാക്കിയ പ്രതി കുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ പ്രായവും പശ്ചാത്തലവും മുതലെടുത്ത് ആന്ധ്രയിലെയും തെലങ്കാനയിലെയും നിരവധി വേശ്യാലയങ്ങളിലേക്ക് കുട്ടിയെ കൈമാറിയിരുന്നതായി പൊലീസ് കണ്ടെത്തി.
സംഭവത്തിൽ ഇതുവരെ 80 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട ഒരാൾ ലണ്ടനിലാണ്. മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും എ.എസ്.പി സുപ്രജ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 53 മൊബൈൽ ഫോണുകളും മൂന്ന് ഓട്ടോറിക്ഷകളും ബൈക്കുകളും കാറും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. വിജയവാഡ, നെല്ലൂർ, ഹൈദരാബാദ്, കാകിനട എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.