ദിയോഘർ: വാക്കുതർക്കത്തെ തുടർന്ന് 14കാരനെ സുഹൃത്തുക്കൾ കഴുത്തറുത്ത് കൊലപ്പെടുത്തി. കൈകാലുകൾ വെട്ടി മാറ്റിയശേഷം മൃതദേഹവും ശരീരാവശിഷ്ടങ്ങളും മൂന്ന് ചാക്കുകളിലാക്കി വനത്തിൽ ഉപേക്ഷിക്കുകയും ചെയ്തു. ഝാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ വനത്തിൽ നിന്നും മൃതദേഹം കണ്ടെടുത്തതായും പ്രതിയായ 19കാരനെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ദുരൂഹ സാഹചര്യത്തിൽ മകനെ കാണാതായെന്നാരോപിച്ച് കൊല്ലപ്പെട്ട 14കാരന്‍റെ കുടുംബം ബുധനാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ, ഈ ബാലന്‍റെ സുഹൃത്തായ 14കാരനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് പൊലീസിന് കൊലപാതകം സംബന്ധിച്ച വിവരങ്ങൾ ലഭിച്ചതെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫിസർ പവൻ കുമാർ പറഞ്ഞു.
ചൊവ്വാഴ്ച്ച രാത്രി എട്ടരയോടെ രോഹിണി ഗ്രാമത്തിലെ വീടിന് വെളിയിൽ വെച്ച് ഇരുവരും തമ്മിൽ കണ്ടെന്നും തുടർന്ന് കുംരാബാദ് സ്റ്റേഷൻ റോഡിലേക്ക് പോയെന്നും സുഹൃത്ത് പൊലീസിനോട് പറഞ്ഞു. അവിടെ വെച്ച് അവിനാഷ് (19) എന്ന സുഹൃത്തും ഇവർക്കൊപ്പം ചേർന്നു. മൂന്നുപേരും പലംഗാ പഹാഡ് വനപ്രദേശത്തേക്ക് പോയി. യാത്രക്കിടെ അവിനാഷും കൊല്ലപ്പെട്ട ബാലനും തമ്മിൽ വാക്കേറ്റമുണ്ടായി.
അതിനിടെ അവിനാഷ് തന്‍റെ കൈവശമുണ്ടായിരുന്ന കത്തിയുപയോഗിച്ച് ബാലനെ കുത്തുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. കൈകാലുകൾ മുറിച്ച് മാറ്റിയ ശേഷം ശരീരഭാഗങ്ങൾ മൂന്ന് ചാക്കുകളിലാക്കി കാട്ടിൽ തള്ളുകയും ചെയ്തു. ചോദ്യം ചെയ്യലിൽ അവിനാഷ് കുറ്റം സമ്മതിച്ചു. അവിനാഷിന്‍റെ പക്കൽ നിന്ന് കൊലപ്പെടുത്താനുപയോഗിച്ച കത്തിയും കൊല്ലപ്പെട്ട ബാലന്‍റെ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.