രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ്; 77കാരിക്ക് നഷ്ടമായത് 3.8 കോടി

മുംബൈ: പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്ത് വയോധികയിൽനിന്ന് തട്ടിയെടുത്തത് 3.8 കോടി രൂപ. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ വെച്ച് ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പാണിത്. മുംബൈ സ്വദേശിനിയായ 77 കാരിക്കാണ് വൻ തുക നഷ്ടമായത്.

തായ്‌വാനിലേക്ക് അയച്ച പാഴ്സൽ പിടിച്ചെടുത്തെന്ന് പറഞ്ഞ് വയോധികക്ക് വാട്സ്ആപ് കോൾ ലഭിക്കുകയായിരുന്നു. മാരക മയക്കുമരുന്നായ എം.ഡി.എം.എ, അഞ്ച് പാസ്പോർട്ടുകൾ, ബാങ്ക് കാർഡുകൾ എന്നിവ പാഴ്സലിൽനിന്നും കണ്ടെടുത്തെന്നും പറഞ്ഞു. എന്നാൽ, അത്തരമൊരു പാഴ്സൽ അയച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ, ആധാർ കാർഡ് അടക്കം ഉപയോഗിച്ചതിന് തെളിവുണ്ടെന്നും മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കാൻ സ്കൈപ് ഡൗൺലോഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

തുടർന്ന് ഐ.പി.എസ് ഓഫീസറാണെന്ന് പരിചയപ്പെടുത്തിയ ആൾ സ്കൈപ്പിൽ വന്നു. 24 മണിക്കൂർ വീഡിയോ കോളിൽ തുടരണമെന്ന് ആവശ്യപ്പെട്ടു. കേസ് അന്വേഷണത്തിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വേണമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാർ ഇത് കൈക്കലാക്കി. ഈ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്നും അന്വേഷണത്തിൽ നിരപരാധിയാണെന്ന് കണ്ടെത്തിയാൽ പണം തിരികെ നൽകുമെന്നും പറഞ്ഞു.

ആദ്യം 15 ലക്ഷം രൂപ വയോധിക കൈമാറി. വിഡിയോ കോൾ കട്ടാകുമ്പോൾ വീണ്ടും വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നത്രെ. ഇത് ഒരു മാസം നീണ്ടു. സംശയം തോന്നിയപ്പോഴേക്കും 3.8 കോടി രൂപ നഷ്ടമായിരുന്നു. ഒടുവിൽ ഇക്കാര്യം മകളെ അറിയിച്ചു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Tags:    
News Summary - Mumbai woman duped of Rs 3.8 crore in longest digital arrest case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.