മാവേലിക്കര: ബി.ജെ.പി നേതാവും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി. തിങ്കളാഴ്ച പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ടശേഷം ശിക്ഷ വിധിക്കും.
എസ്.ഡി.പി.ഐ -പോപുലർ ഫ്രണ്ട് പ്രവർത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേ ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടക്കൽ അനൂപ്, ആര്യാട് തെക്ക് അവലൂക്കുന്ന് ഇരങ്ങാട്ട് മുഹമ്മദ് അസ്ലം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം (സലാം), അടിവാരം ദാറുസബീൻ വീട്ടിൽ അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകത്ത് സഫറുദ്ദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറയിൽ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്തുശ്ശേരി ചിറയിൽ ജസീബ് രാജ, മുല്ലക്കൽ വട്ടക്കാട്ടുശ്ശേരി നവാസ്, കോമളപുരം തയ്യിൽവീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേവെളിയിൽ ഷാജി (പൂവത്തിൽ ഷാജി), മുല്ലക്കൽ നൂറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് അഷ്റഫ് എന്നിവരാണ് പ്രതികൾ. ഒന്നുമുതൽ എട്ടുവരെയുള്ളവർ നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തെന്നും ഒമ്പതുമുതൽ 12 വരെയുള്ള പ്രതികൾ സഹായം നൽകിയെന്നും മറ്റുള്ളവർ ഗൂഢാലോചനയിൽ പങ്കാളികളായെന്നും കണ്ടെത്തിയതായി മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ഉത്തരവിൽ പറഞ്ഞു.
2021 ഡിസംബർ 19ന് പുലർച്ചയാണ് ആലപ്പുഴ വെള്ളക്കിണറിലെ കുന്നുംപുറത്ത് വീട്ടിൽ കയറിയ സംഘം കുടുംബാംഗങ്ങളുടെ മുന്നിലിട്ട് രൺജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. 12 അംഗ സംഘം ആറ് വാഹനത്തിലായി എത്തി കൃത്യം നടത്തിയെന്നായിരുന്നു കേസ്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എസ്. ഷാൻ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് കൃത്യം നടന്നതെന്നായിരുന്നു കേസ്. 2021 ഡിസംബർ 18നാണ് ഷാൻ കൊല്ലപ്പെട്ടത്.
എല്ലാ കുറ്റകൃത്യങ്ങളും സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞതായി സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ പറഞ്ഞു. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് നൂറോളം സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി. അതേസമയം, ഷാൻ വധക്കേസിൽ വിചാരണ തുടങ്ങിയിട്ടില്ല. അന്വേഷണത്തിലും കേസ് നടത്തിപ്പിലും സർക്കാർ ഭാഗത്തുനിന്നുണ്ടായ അലംഭാവമാണ് നടപടികൾ ഇഴയാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.