ജുബൈൽ: ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തിസുരക്ഷാ ചട്ടങ്ങളും ലംഘിച്ച 17,114 പേരെ അറസ്റ്റ് ചെയ്തു. ഒക്ടോബർ 13 മുതൽ 19 വരെയുള്ള കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവസാത്ത്) നടത്തിയ സംയുക്ത റെയ്ഡിലാണ് അറസ്റ്റ്. അറസ്റ്റിലായവരിൽ 9346 താമസനിയമ ലംഘകരും 4980 അതിർത്തിസുരക്ഷാചട്ട ലംഘകരും 2788ലേറെ തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി വഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത് 600 പേരാണ്. ഇതിൽ 28 ശതമാനം യമനി പൗരന്മാരും 69 ശതമാനം ഇത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാണ്.
നിയമലംഘകർക്ക് അഭയം നൽകിയ 16 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. മൊത്തം 52,784 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. ഇതിൽ 48,788 പുരുഷന്മാരും 3996 സ്ത്രീകളുമാണ്.42,602 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു. 2411 നിയമലംഘകരെ യാത്രാ റിസർവേഷൻ നടപടികൾ പൂർത്തിയാക്കാനും റഫർ ചെയ്തു. 9132 നിയമലംഘകരെ നാടുകടത്തി. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്കു പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഗതാഗത സഹായം നൽകിയ വാഹനങ്ങളും അഭയം നൽകിയ താമസസ്ഥലവും കണ്ടുകെട്ടുകയും ചെയ്യും.
സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996ലും റിപ്പോർട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.