പറമ്പിക്കുളം: പറമ്പിക്കുളത്ത് ജനുവരിയിൽ ചന്ദനമരം മുറിച്ച് കടത്തിയ കേസിൽ രണ്ട് പ്രതികൾ കൂടി പിടിയിൽ. പറമ്പിക്കുളം കടുവാസങ്കേതത്തിൽ സുങ്കം റെയിഞ്ചിലെ ഇലത്തോട്, കൂച്ചിമുടി വനഭാഗത്തായി ചന്ദനമരം മുറിച്ച് കടത്തിയകേസിലാണ് രണ്ടുപേർകൂടി അറസ്റ്റിലായത്. തമിഴ്നാട് തിരുവണ്ണാമലൈ മേസിലാംപടി കൂട്ടത്തൂർ രണ്ടാം തെരുവ് നിവാസികളായ കെ. അണ്ണാമലൈ (56) അരുൾ (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജനുവരി ഏഴിന് വനം ഫീൽഡ് സ്റ്റാഫുകളുടെ വനപരിശോധനക്കിടെയാണ് നാല് ചന്ദനമരങ്ങൾ മുറിച്ചതായി കണ്ടത്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ അന്നേ ദിവസം രാത്രി നടത്തിയ പരിശോധനയിൽ കുറച്ച് പേർ ചന്ദനമര കഷണങ്ങൾ കടത്തിക്കൊണ്ടുപോവുന്നത് വനം ഉദ്യോഗസ്ഥർ കണ്ടു. അവരെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ മരങ്ങൾ ഉപേക്ഷിച്ച് കവർച്ചക്കാർ ഓടി രക്ഷപ്പെട്ടു.
തുടരന്വേഷണത്തിൽ ഒന്നാം പ്രതി തിരുവണ്ണാമലൈ മേട്ടുക്കൊള്ള കുമാറിനെ (48) അറസ്റ്റ് ചെയ്തിരുന്നു. കുമാറിന്റെ മൊഴി പ്രകാരമാണ് മാസങ്ങളായുള്ള തിരച്ചിലിനിടയിൽ മറ്റുള്ളവർ പിടിയിലായത്. ചുങ്കം റേഞ്ച് ഓഫിസർ സി. അജയന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം. കൃഷ്ണകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എസ്. സുനീഷ്, എസ്. നാസർ, എച്ച്. മനു, അനിൽ, ആൻഡി പോച്ചിങ് വാച്ചർമാരായ തങ്കുസ്വാമി, രഘു, ദേവദാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ചിറ്റൂർ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.