വീട് കുത്തിത്തുറന്ന് അഞ്ചരലക്ഷം രൂപ കവർന്ന കേസിൽ അടുത്തിടെ യുവാവിനെ കൻവാർ പൊലീസ് അറസ്റ്റ് ചെയ്തു. വെറുമൊരു കവർച്ചക്കാരൻ എന്ന നിലക്കാണ് പൊലീസ് സമീർ ശർമ എന്ന 40കാരനെ അറസ്റ്റ് ചെയ്തത്. എന്നാൽ നാഷനൽ ഡാറ്റബേസിലെ വിവിധ കേസുകളിൽ പിടിയിലാകാനുള്ളവരുടെ ഫിംഗർ പ്രിന്റുകളുമായി ഒത്തുനോക്കിയപ്പോഴാണ് പൊലീസുകാർ ഞെട്ടിപ്പോയത്. 2015നും 2019നുമിടയിലായി ബംഗളൂരുവിൽ മാത്രം സമീറിനെതിരെ 100 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജാമ്യം പോലും കിട്ടാത്ത 30 വാറന്റുകൾ ഇയാൾക്കെതിരെയുണ്ട്. ഇയാളെ കുറ്റവാളിയായി പ്രഖ്യാപിച്ച് 20 നോട്ടീസുകളാണ് പുറത്തിറക്കിയത്. ഗോവയിൽ 20 കവർച്ച കേസുകളാണ് സമീറിന്റെ പേരിലുള്ളത്. പഞ്ചാബിൽ അഞ്ച് കേസുകളും.
ശ്രീനഗറിൽ നിന്നാണ് സമീർ ബംഗളൂരുവിലെത്തിയത്. 10 വർഷം നീണ്ട കവർച്ച ജീവിതത്തിനിടെ സമീർ ഒരിക്കൽ പോലും രാത്രി മോഷണത്തിന് ഇറങ്ങിയിട്ടില്ല എന്നതാണ് മറ്റൊരു കൗതുകം. പകൽ സമയത്തേക്കാൾ രാത്രി പുറത്തിറങ്ങിയാലാണ് ആളുകൾ കൂടുതൽ സംശയത്തോടെ നോക്കുക. പകൽ സമയത്ത് ജനവാസ മേഖലകളിലും ഹോസ്റ്റലുകളടക്കമുള്ള ഇടങ്ങളിലും ഇഷ്ടം പോലെ ചുറ്റിക്കറങ്ങാം. താമസിക്കാൻ ഇടംതേടുന്ന ആളെന്ന നിലയിലായിരുന്നു സമീറിന്റെ സഞ്ചാരം. അതിനിടെ വീടുകളുടെ ജനാലകളും വാതിലുകളും നോക്കിവെക്കും. നിമിഷ നേരം കൊണ്ടുതന്നെ വിലപ്പെട്ട സാധനങ്ങൾ കവർച്ച ചെയ്യുകയും ചെയ്യും.
എപ്പോഴും ഒറ്റക്കാണ് കവർച്ച നടത്താറുള്ളത്. ഒരിക്കൽ പോലും മറ്റുള്ളവരുമായി കൂട്ടുകൂടിയിട്ടില്ല. ജയിൽ വാസത്തിനിടയിലും സമീർ മറ്റ് തടവുകാരുമായി കൂട്ടുകൂടിയില്ല. തന്നേക്കാളേറെ അയാൾ മറ്റൊരാളെയും വിശ്വസിച്ചില്ല.
2010ൽ ശ്രനഗറിൽ ഇലക്ട്രോണിക്സ് കട നടത്തുകയായിരുന്നു സമീർ. എന്നാൽ കാര്യമായ വരുമാനമൊന്നും ലഭിച്ചില്ല. ഇലക്ട്രോണിക് ഉപകരണങ്ങൾ കവർച്ച ചെയ്യുന്ന രാജസ്ഥാൻ സ്വദേശിയാണ് സമീറിനെ മോഷ്ടാവാക്കി മാറ്റിയത്. ഭാവിയിൽ മൊബൈൽ ഫോണുകൾക്കും ലാപ്ടോപ്പിനും കൂടുതൽ ആവശ്യക്കാരുണ്ടെന്നും രാജസ്ഥാൻ സ്വദേശി സമീറിനോട് പറഞ്ഞു. അങ്ങനെ പേയിങ് ഗസ്റ്റുകൾ താമസിക്കുന്ന വീടുകളിൽ നിന്നും ഹോസ്റ്റലുകളിൽ നിന്നും സമീർ ലാപ്ടോപുകൾ മോഷ്ടിച്ചു തുടങ്ങി. ഏറ്റവും ഏളുപ്പം ജനാലകൾ വഴി മൊബൈലുകൾ മോഷ്ടിക്കുന്നതായിരുന്നു. അങ്ങനെ സമീർ വലിയൊരു കള്ളനായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.