ബംഗളൂരു: കവർച്ചക്കേസില്‍ പരാതിക്കാരനെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വർണ വ്യാപാരി സൂരജ് വന്മയാണ് പൊലീസ് കസ്റ്റഡിയിലായത്. ഇയാളെ മഹാരാഷ്ട്രയിലെ വ്യാപാരി വിൽക്കാൻ ഏൽപിച്ച സ്വർണം വിറ്റുകിട്ടിയ പണം തട്ടിയെടുക്കാനായിരുന്നു കവർച്ച നാടകം. സൂരജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തി.
പണം തട്ടിയെടുക്കാൻ കവർച്ചക്കഥ കെട്ടിച്ചമക്കുകയായിരുന്നു. ഈ മാസം 15ന് മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ നിന്ന് ബിസിനസ് ഇടപാടിനു ശേഷം കേരളത്തിലേക്ക് മടങ്ങുമ്പോള്‍ 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു സൂരജ് വന്മനെ സങ്കേശ്വർ പൊലീസില്‍ പരാതി നല്‍കിയത്.
കാർ പിന്തുടർന്നെത്തിയ കവർച്ച സംഘം പുണെ-ബംഗളൂരു ദേശീയ പാതയിൽ വാഹനം തടഞ്ഞുനിർത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പണമടങ്ങിയ തന്റെ കാറുമായി സംഘം രക്ഷപ്പെട്ടുവെന്നുമായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. ബെളഗാവി ഹുക്കേരി താലൂക്കിലെ നേർലി ഗ്രാമത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ കാർ പൊലീസ് കണ്ടെത്തി.
സ്വർണാഭരണങ്ങള്‍ വിറ്റുവെന്നും 75 ലക്ഷം രൂപ കാറില്‍ പ്രത്യേകം തയാറാക്കിയ ബോക്സില്‍ സൂക്ഷിച്ചിരുന്നുവെന്നും സൂരജ് മൊഴി നല്‍കിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കാർ പിടിച്ചെടുത്ത് പരിശോധിച്ചപ്പോള്‍ പെട്ടിയില്‍നിന്ന് 1.01 കോടി രൂപ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.