തിരുവനന്തപുരം: അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കടയ്ക്കാവൂര്‍ അഞ്ചുതെങ്ങ് തെറ്റിമൂല റോയ് നിവാസില്‍ റോയ് എന്ന വാവച്ചനെ (27) കോടതി ജീവപര്യന്തം കഠിനതടവിനും 50000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കില്‍ ആറ് മാസംകൂടി തടവ് അനുഭവിക്കണമെന്നും ആറാം അഡീഷനല്‍ ജില്ല കോടതി വിധിച്ചു. 2014 ഏപ്രില്‍ 27 നാണ് കേസിനാസ്പദമായ സംഭവം. അഞ്ചുതെങ്ങ് കടപ്പുറത്ത് തോണിക്കാവ് യുവശക്തി സ്പോര്‍ട്സ് ആൻഡ് ആര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗാനമേള നടത്തിയിരുന്നു.
ഗാനമേള കഴിഞ്ഞ് മടങ്ങുമ്പോഴാണ് അഞ്ചുതെങ്ങ് തെറ്റിമൂല സൂനാമി കോളനിക്ക് സമീപം ഷാപ്പ് ഹൗസിൽ റിക്സണെ (18) റോയ് കുത്തിക്കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുതന്നെ റിക്സൺ മരിച്ചു. സമീപത്തെ സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയതും വനിത ഹോസ്റ്റലിന്റെ മതില് ചാടിക്കടന്ന കാര്യവും റിക്സണ് നാട്ടുകാരോട് പറഞ്ഞ് തന്നെ അപമാനിച്ചെന്ന് ആക്ഷേപിച്ചായിരുന്നു കൊലപാതകം. റിക്സനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് തെറ്റിമൂല ഡയാന ഭവനിൽ ടോമിയാണ് കേസിലെ ഏക ദൃക്സാക്ഷി.
തെറ്റിമൂല അനാഥമന്ദിരത്തിന് സമീപമെത്തിയപ്പോൾ ഇരുട്ടത്ത് ഒളിഞ്ഞിരുന്ന റോയി റിക്സനെ കുത്തിവീഴ്ത്തുന്നത് കണ്ടെന്ന് ടോമിയും റിക്സന്റെ നിലവിളി കേട്ട് സ്ഥലത്ത് ചെന്നപ്പോൾ റിക്സൺ കുത്തേറ്റ് കിടക്കുന്നതും റോയ് കത്തിയുമായി ഓടുന്നതും കണ്ടെന്നും അയൽവാസി ശാന്തിയും മൊഴി നൽകിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, ദേവിക മധു, അഖിലലാൽ എന്നിവർ കോടതിയിൽ ഹാജരായി. 16 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 23 രേഖകളും 10 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കടയ്ക്കാവൂർ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എസ്. ഷെരീഫാണ് അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.