മുട്ടം: പൊലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ കഞ്ചാവ് കേസിലെ പ്രതി പിടിയിൽ. പെരുമ്പിള്ളിച്ചിറ പുതിയകുന്നേൽ സുനീറിനെയാണ് (സെറ്റപ്പ് സുനീർ -36) പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം. മ്രാലക്ക് സമീപം രാത്രി ഒൻപത് മണിയോടെ പ്രദേശം കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ നടക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതേ തുടര്‍ന്ന് തൊടുപുഴ ഡിവൈ.എസ്.പിയുടെ സ്പെഷല്‍ സ്ക്വാഡ് നിരീക്ഷണം നടത്തുന്നതിനിടെ മ്രാല - നടുക്കണ്ടം റോഡില്‍നിന്ന് വന്ന ഓട്ടോറിക്ഷ കണ്ട് സംശയം തോന്നി. മാടപ്പറമ്പില്‍ റിസോര്‍ട്ടിന് സമീപത്ത് ഈ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നതിനിടെയാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്ന സുനീര്‍ പൊലീസ് ഉദ്യോഗസ്ഥനെ മുഖത്തിടിച്ച് വീഴ്ത്തിയശേഷം കടന്നുകളഞ്ഞത്.
കൂടെ ഉണ്ടായിരുന്ന മുട്ടം എള്ളുമ്പുറം മങ്കംപ്രയില് കുഞ്ഞുമോന് (56), അന്തർസംസ്ഥാന തൊഴിലാളികളായ പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി മന്‍സൂര്‍ (27), പശ്ചിമബംഗാള്‍ സാദിപൂര് ബല്‍ഗ്രാം സ്വദേശി റഫീഖുള്‍ (22) എന്നിവരെ അന്നേ ദിവസംതന്നെ പിടികൂടിയിരുന്നു. സുനീറിന്റെ പേരിൽ മുട്ടം സ്റ്റേഷനിൽ രണ്ടു കഞ്ചാവ് കേസും കുളമാവ് സ്റ്റേഷനിൽ ഒരു മോഷണക്കേസും തൊടുപുഴ സ്റ്റേഷനിൽ ഒരു കഞ്ചാവ് കേസും ഒൻപത് മോഷണക്കേസും ഇടുക്കി സ്റ്റേഷനിൽ ഒരു കഞ്ചാവ് കേസും നിലവിലുണ്ട്. തൊടുപുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.