പത്തനംതിട്ട: ജില്ലയില്‍ മദ്യ, മയക്കുമരുന്ന് ഉപയോഗം, അനധികൃത വില്പന, കൈമാറ്റം എന്നിവയില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി തുടരുന്നതായും, ഒരാഴ്ചക്കുള്ളില്‍ 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും ജില്ല പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് അറിയിച്ചു.
നിരവധിപേര്‍ അറസ്റ്റിലായി. സ്പെഷല്‍ ഡ്രൈവില്‍ ഉള്‍പ്പെടുത്തി റെയ്ഡുകളും കര്‍ശന പരിശോധനകളും തുടരും. ഒപ്പം സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള പ്രത്യേക ആക്ഷന്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തിയതായും ജില്ല പൊലീസ് മേധാവി പറഞ്ഞു. മയക്കുമരുന്നുകള്‍ കടത്തുന്നവര്‍ക്കും ഉപയോഗിക്കുന്നവര്ക്കുമെതിരായ സ്പെഷല്‍ ഡ്രൈവ് നടന്നുവരുകയാണ്. ജനുവരി 28വരെയുള്ള കാലയളവില്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന് പരിധിയില്‍ 245 റെയ്ഡുകളാണ് നടത്തിയത്.
51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 53പേരെ പരിശോധിച്ചു. വെള്ളിയാഴ്ച മാത്രം പന്തളം, റാന്നി, കീഴ്വായ്പൂര്, കോന്നി, കൂടല്‍, കൊടുമണ്‍, മലയാലപ്പുഴ, വെച്ചൂച്ചിറ, തണ്ണിത്തോട്, പമ്പ സ്റ്റേഷനുകളിലായി 10 കേസുകളെടുത്തു. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ജില്ലയിലെ നോഡല്‍ ഓഫിസറും നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുമായ ആര്. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ജില്ല ആന്റി നാര്‍കോട്ടിക് ടീം (ഡാന്‍സാഫ് ) അംഗങ്ങള്‍, ജില്ലാതലത്തിലുള്ള ആക്ഷന്‍ ഗ്രൂപ്, സംഘടിത കുറ്റകൃത്യങ്ങള്‍ തടയുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന പൊലീസ് സ്റ്റേഷനുകളിലെ പ്രത്യേക സെല്‍, എസ്.എച്ച്.ഒമാര്‍ എന്നിവരുടെ സംഘമാണ് റെയ്ഡുകളും മറ്റ് നടപടികളും സ്വീകരിക്കുന്നത്. ജില്ലയില്‍ പൊലീസ് സ്റ്റേഷന് പരിധികളില്‍ റെയ്ഡുകള്‍ തുടരാനും കേസുകള്‍ പരമാവധി രജിസ്റ്റര്‍ ചെയ്യുന്നതിനും എല്ലാ എസ്.എച്ച്.ഒമാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഞ്ചാവ് ഉള്‍പ്പെടെ മയക്കുമരുന്നുകള്‍, ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉറവിടം കണ്ടെത്തല്‍, ഇവയുടെ വിതരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യല്‍ എന്നീ കാര്യങ്ങളില്‍ പൊലീസ് നിരീക്ഷണവും നടപടികളും ശക്തമാക്കിയിട്ടുണ്ട്. ഈ കുറ്റകൃത്യം ചെയ്യുന്നവരുടെ അനധികൃത വസ്തുവകകള്‍ ഉണ്ടെങ്കില്‍ കണ്ടെത്തി തുടര്‍ നടപടി സ്വീകരിക്കും.
മുന്‍ കുറ്റവാളികള്‍, പ്രത്യേകം സംശയിക്കുന്നവര്‍ പൊലീസ് സ്റ്റേഷന് പരിധികളില്‍ താമസിക്കുന്നുണ്ടെങ്കില്‍ നിരീക്ഷണം നടത്താനും പൊലീസിന് നിര്‍ദേശം നല്കി. സ്പെഷല്‍ ഡ്രൈവുമായി ബന്ധപ്പെട്ടതും മറ്റുമായ കാര്യങ്ങളില്‍ എടുത്ത നടപടി ജില്ല പൊലീസ് മേധാവി ദിവസവും വിലയിരുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.