കൊച്ചി: ഇന്ധനവില വർധനക്കെതിരെ കോൺഗ്രസ് നടത്തിയ സമരത്തിനെതിരെ രംഗത്തെത്തിയ നടൻ ജോജു ജോർജിന്റെ വാഹനം ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവും തൃക്കാക്കര സ്വദേശിയുമായ ശെരീഫ് ആണ് അറസ്റ്റിലായത്. വൈദ്യപരിശോധനക്ക് ശേഷം ശെരീഫിനെ കോടതിയിൽ ഹാജരാക്കും. കേസിൽ അഞ്ചു പേർ കൂടി പിടിയിലാകാനുണ്ട്.
ചില്ല് തകര്‍ത്ത സംഭവത്തിൽ രണ്ടാം പ്രതിയും ഐ.എൻ.ടി.യു.സി വൈറ്റില ഓട്ടോറിക്ഷ സ്റ്റാൻഡ് കൺവീനറുമായ വൈറ്റില ഡെൽസ്റ്റാർ റോഡ് പേരേപ്പിള്ളി വീട്ടിൽ ജോസഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജോസഫിനെ കൂടാതെ അഞ്ചു പേർ കൂടി അറസ്റ്റിലായെങ്കിലും ഇവരെ ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ, റിമാൻഡിൽ കഴിയുന്ന ജോസഫിന്റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി.
ജോജുവിന്റെ പരാതിയില്‍ വാഹനം തകര്‍ത്ത സംഭവത്തിൽ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.വൈ. ഷാജഹാൻ, മനു ജേക്കബ്, തമ്മനം മണ്ഡലം പ്രസിഡന്റ് ജർജസ്, സൗത്ത് മുൻ മണ്ഡലം പ്രസിഡന്റ് അരുൺ വർഗീസ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
റോഡ് ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകര്‍ത്തതിനും രണ്ടു കേസുകളാണ് മരട് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയും വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ ഏഴു പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
അതേസമയം, നടൻ മാസ്ക് ഉപയോഗിക്കാതെ നിരത്തിലിറങ്ങിയതിനാൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുക്കണമെന്ന ആവശ്യവുമായി സിറ്റി പൊലീസ് കമീഷണറെ പാർട്ടി പ്രവർത്തകർ സമീപിച്ചിരുന്നു. വാഹനത്തിന്റെ നമ്പർ േപ്ലറ്റ് ഘടിപ്പിച്ചതിലും നിയമലംഘനം നടത്തിയെന്നും പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.