വർക്കല: അമ്മയെ വെട്ടിപ്പരിക്കേൽപിക്കുകയും മകനെ വണ്ടിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചിലക്കൂർ ടി.വി മുക്കിന് സമീപം അക്കരത്തോട്ടം വീട്ടിൽ ശിഹാബുദ്ദീൻ (62), ചിലക്കൂർ പുന്നക്കൂട്ടം വീട്ടിൽ റഷീദ് (70), വെട്ടൂർ ആശാൻമുക്ക് കുണുക്കൻകല്ല് വീട്ടിൽ കാസിം (54) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി.
ചിലക്കൂർ ചുമടുതാങ്ങി അൽ മഷൂദ് വീട്ടിൽ റംസീനബീവി (52), മകൻ ബേബി എന്ന ഷംനാദ് (34) എന്നിവരാണ് കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ടത്. റംസീനബീവിയെ ആക്രമിച്ച കേസിൽ രണ്ടുപേരെയാണ് പ്രതി ചേർത്തത്.
കൃത്യം നടന്ന സ്ഥലത്ത് ഫോറൻസിക് വിദഗ്ധരും മോട്ടോർ വെഹിക്കിൾ വകുപ്പ് ഉദ്യോഗസ്ഥരും ചൊവ്വാഴ്ച വൈകീട്ടോടെ പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനക്കായി രക്തസാമ്പിൾ ശേഖരിച്ചു.
ഒമ്നി വാൻ അപകടത്തിൽപെട്ടതാണോ ഇടിപ്പിച്ചതാണോ എന്ന് ആർ.ടി.ഒ വിഭാഗം പരിശോധിച്ച് പൊലീസിന് റിപ്പോർട്ട് നൽകും. വാനിൽനിന്ന് ഇരുമ്പ് കമ്പിയും ഉളിയും കണ്ടെടുത്തിട്ടുണ്ട്. മാതാവിനെ ആക്രമിച്ച സ്ഥലത്തുനിന്ന് വെട്ടുകത്തിയും വടിവാളും കഠാരയും പൊലീസ് കണ്ടെടുത്തിരുന്നു. അറസ്റ്റിലായ മൂന്നുപേരെയും സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവരെ റിമാൻഡ് ചെയ്യുമെന്ന് വർക്കല സി.ഐ എസ്. സനോജ് അറിയിച്ചു.
വർക്കല താഴെവെട്ടൂർ ചുമടുതാങ്ങി ജങ്ഷന് സമീപം തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് അമ്മയും മകനും ആക്രമിക്കപ്പെട്ടത്. ചുമടുതാങ്ങി ജങ്ഷനിൽ റംസീനബീവിക്കും ശിഹാബുദ്ദീന്റെ സഹോദരിക്കും മൂന്ന് സെന്റ് വീതം വസ്തുവുണ്ട്. ഇതിൽ റംസീനബീവിയുടെ പുരയിടത്തിലുള്ള ഷെഡിൽ പ്രവർത്തിച്ചിരുന്ന പച്ചക്കറിക്കടയുടെ മുൻഭാഗം റോഡിലേക്ക് തള്ളിനിൽക്കുന്നെന്ന് ആരോപിച്ച് തൊട്ടടുത്ത കടയുടമ നഗരസഭയിൽ പരാതി നൽകി. നോട്ടീസ് ലഭിച്ചതിനെതുടർന്ന് കട അടച്ചിരുന്നു. തൊട്ടടുത്ത വസ്തുവിലെ റഷീദിന്റെ ഉടമസ്ഥതയിലുള്ള കടമുറികൾ ദൂരക്കാഴ്ചയിൽ മറയുന്നതിനാൽ കട പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.