കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ബാങ്കിന്റെ എ.ടി.എം സെൻററിൽ കവർച്ചശ്രമം. പ്രതിയെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പുതിയകോട്ട ടൗണിലെ ബാങ്ക് ഓഫ് ബറോഡയുടെ എ.ടി.എം സെൻററിലാണ് കവർച്ചശ്രമമുണ്ടായത്. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും മൺചട്ടി വിൽപന നടത്തുന്ന പാലക്കാട് വണ്ടായി സ്വദേശി മണികണ്ഠനാണ് (32) പൊലീസിന്റെ കസ്റ്റഡിയിലായത്. രാത്രി 12.57 ന് ഒരാൾ കവർച്ച നടത്തുന്ന സി.സി.ടി.വി ദ്യശ്യം പൊലീസിന് ലഭിച്ചിരുന്നു. കവർച്ചക്കാരൻ മാസ്ക് ധരിച്ചിരുന്ന ദൃശ്യമാണ് ലഭിച്ചത്. പുറത്തുനിന്ന് ആളനക്കമുണ്ടായപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. മെഷീനിന്റെ ഡോർ തകർത്തെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്കിന്റെ ബ്രാഞ്ച് മാനേജർ അരുൺ പ്രകാശ് പറഞ്ഞു. എ.ടി.എമ്മിനുള്ളിൽ ഒരാൾ മാത്രമേ കയറിയിട്ടുള്ളൂ. എ.ടി.എമ്മിന് പുറത്ത് കൂടുതൽ പേർ ഉണ്ടായിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹോസ്ദുർഗ് പൊലീസാണ് കേസെടുത്തന്വേഷണം നടത്തിയത്. മണികണ്ഠനെ തലേ ദിവസം അജാഗ്രതയിൽ മോട്ടോർ ബൈക്ക് ഓടിക്കുന്നതിനിടയിൽ പൊലീസ് പിടികൂടിയിരുന്നു. പൊലീസ് കസ്റ്റഡിയിലെടുത്ത മോട്ടോർ ബൈക്കിന്റെ രേഖകൾ തിരിച്ച് വാങ്ങാൻ സ്റ്റേഷനിലെത്തിയപ്പോൾ എ.ടി.എം സെന്ററിൽനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യവുമായി സാമ്യം തോന്നി കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുടുങ്ങിയത്. ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ.പി. ഷൈൻ, എസ്.ഐ വി.മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: രാത്രി അമിതമായി മദ്യപിച്ച മണികണ്ഠൻ, കൈയിലെ പണം തീർന്നപ്പോൾ ബാങ്ക് ബറോഡയുടെ എ.ടി.എം സെന്ററിൽ പണമെടുക്കാൻ കയറി. കാർഡ് ഇട്ടിട്ടും പണം ലഭിക്കാതെ വന്നതോടെ ക്ഷുഭിതനായ പ്രതി എ.ടി.എം കൗണ്ടറിന്റെ പണം സൂക്ഷിച്ച കൗണ്ടറിന്റെ ഡോറിൽ കൈ കൊണ്ട് ഒന്നിൽ കൂടുതൽ തവണ ഇടിച്ചു. ഡോർ പൊളിഞ്ഞു. ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു. പകൽ മൺചട്ടി വിൽപന നടത്തുന്ന പ്രതി രാത്രി പടന്നക്കാട് മേൽപാലത്തിന് സമീപത്തെ കടവരാന്തയിൽ ഉറങ്ങാറാണ് പതിവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.