കൊല്ലം: ഓട്ടോയിൽ കയറിയ സ്കൂൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയയാൾ പിടിയിൽ. പൈനുംമൂട് വിവേകാനന്ദ നഗർ പുളിംകാലത്ത് കിഴക്കതിൽ നവാസ് (52) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെ ചെമ്മാമുക്കിലാണ് സംഭവം. വിമലഹൃദയ സ്കൂളിലെ രണ്ട് പ്ലസ് ടു വിദ്യാർഥിനികൾ സ്കൂളിന് സമീപമുള്ള ട്യൂഷൻ സെന്ററിൽ ക്ലാസുകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. ട്യൂഷൻ സെന്ററിന് സമീപത്തെ ഓട്ടോസ്റ്റാൻഡിൽനിന്ന് ഓട്ടോ ലഭിക്കാഞ്ഞതിനാൽ കപ്പലണ്ടിമുക്ക് ഭാഗത്തേക്ക് പോയ ഓട്ടോ കൈകാട്ടി നിർത്തി അമ്മൻനട ഭാഗത്തേക്ക് പോകണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു.
മെയിൻറോഡിലൂടെ പോകാതെ കുട്ടികളുമായി ഓട്ടോ ഡ്രൈവർ വിമലഹൃദയസ്കൂളിന് പിറകുവശത്തെ ഇടവഴിയിലൂടെ പോകുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ ഡ്രൈവർ വിദ്യാർഥിനികളോട് ദേഷ്യപ്പെടുകയും വേഗം കൂട്ടുകയും ചെയ്തു. നിലവിളിച്ചെങ്കിലും സമീപത്ത് ആളുകൾ ഇല്ലാത്തതിനാൽ വിദ്യാർഥിനികളിലൊരാൾ പുറത്തേക്ക് ചാടിയെന്നും ഇവർ പറഞ്ഞു. കുറച്ചുമാറി ഓട്ടോ നിർത്തിയതോടെ വാഹനത്തിൽ ഉണ്ടായിരുന്ന വിദ്യാർഥിനി പുറത്തേക്കിറങ്ങുകയായിരുന്നു.
തുടർന്ന് വിദ്യാർഥിനികളെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവർ കടന്നുകളഞ്ഞു. തുടർന്ന് വിദ്യാർഥിനികൾ വീട്ടുകാരെ വിവരം അറിയിച്ചു. ഓട്ടോയിൽനിന്ന് ചാടിയ ആശ്രാമം സ്വദേശിനിയായ വിദ്യാർഥിനിയുടെ കൈക്കും തോളിനും പരിക്കേറ്റു. പെൺകുട്ടി ജില്ല ആശുപത്രിയിൽ ചികിത്സതേടിയശേഷം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോളജ് ജങ്ഷന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുമേഷ്, സി.പി.ഒ മാരായ അജയകുമാർ, അനു ആർ. നാഥ്, ഷെഫീക്ക്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.