കൽപ്പറ്റ: ചുണ്ടേൽ എസ്റ്റേറ്റ് റോഡിൽ തിങ്കളാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവം കൊലപാതകം. സംഭവത്തിൽ ദുരൂഹയുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേർ പൊലീസ് കസ്റ്റഡിയിലാണുള്ളത്.
ഥാർ ജീപ്പും ഓട്ടോയിൽ ഇടിച്ചുണ്ടാക്കിയ അപകടത്തിൽ കുന്നത്ത് പീടിയേക്കൽ നവാസാണ് (43) കൊല്ലപ്പെട്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ വൈത്തിരി പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന സംശയം ബലപ്പെട്ടത്. പുത്തൂർ വയൽ സ്വദേശികളും സഹോദരങ്ങളുമായ സുബിൻ ഷാദ്, അജിൻ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
തിങ്കളാഴ്ച രാവിലെ എട്ടരക്കാണ് നവാസ് ഓടിച്ച ഓട്ടോറിക്ഷയിൽ സുബിൻ ഷാദ് ഓടിച്ച ഥാർ ജീപ്പ് ഇടിച്ചത്. അപകടത്തിൽ നവാസ് മരിച്ചതിൽ തിങ്കളാഴ്ച തന്നെ ദുരൂഹത ഉയർന്നിരുന്നു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെ ചുണ്ടത്തോട്ടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
ഥാർ ജീപ്പ് ഓടിച്ചിരുന്നയാളും പിതാവും ചുണ്ടേൽ ഭാഗത്ത് നടത്തിവന്നിരുന്ന ഹോട്ടലിന്റെ എതിർവശത്തായാണ് നവാസിന്റെ സ്റ്റേഷനറി കടയുള്ളത്. ഇതുമായി ബന്ധപ്പെട്ട് നവാസുമായി നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് വൈത്തിരി പൊലീസ് സ്റ്റേഷനിൽ കേസുമുണ്ടായിരുന്നു. ഇതിനിടെ, ചൊവ്വാഴ്ച വൈകീട്ട് നാട്ടുകാർ ചേർന്ന് ആരോപണ വിധേയന്റെ പിതാവ് നടത്തുന്ന മജ്ലിസ് ഹോട്ടലിനു നേരെ അക്രമം നടന്നു. ഹോട്ടലിന്റെ ചില്ലുകൾ തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.