കൊല്ലം: നടുറോഡിൽ കാറിൽ യുവതിയെ തീകൊളുത്തിക്കൊന്ന സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കൊല്ലം നഗരത്തിൽ ബേക്കറി നടത്തുന്ന കൊട്ടിയം തഴുത്തല തുണ്ടിൽ മേലതിൽ വീട്ടിൽ അനില(44)യാണ് കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന ബേക്കറി ജീവനക്കാരൻ സോണിക്ക് പൊള്ളലേറ്റു. സംഭവത്തിൽ അനിലയുടെ ഭർത്താവ് പത്മരാജനെ (60) യാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
നഗരമധ്യത്തിലെ റോഡിൽ തടഞ്ഞുനിർത്തി കാറിൽ പെട്രോളൊഴിച്ച് യുവതിയെ തീകൊളുത്തിക്കൊല്ലുകയായിരുന്നു. പ്രതി കൃത്യം നടത്തിയത് ആസൂത്രിതമായെന്ന് എഫ്.ഐ.ആർ. പ്രതി കൃത്യം നടത്താനായി 300 രൂപയ്ക്ക് പെട്രോൾ വാങ്ങി. ഭാര്യയെയും സുഹൃത്തിനെയും കൊല്ലണം എന്ന ലക്ഷ്യത്തോടെയാണ് പ്രതി എത്തിയത്. കടയിൽ നിന്ന് ഇറങ്ങിയത് മുതൽ പത്മരാജൻ അനിലയെ പിന്തുടർന്നുണ്ടായിരുന്നു. സംഭവസമയത്ത് അനിലക്കൊപ്പം കാറിൽ ഉണ്ടായിരുന്നത് സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരൻ സോണിയായിരുന്നു. സോണിക്ക് പൊള്ളലേറ്റിരുന്നു.
താനാണ് കത്തിച്ചതെന്ന് ഇയാൾ ഉറക്കെ വിളിച്ചുപറഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു. ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. അനിലയുടെ ബേക്കറിയിൽ പാർട്ണറായ യുവാവിനെ ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി മൊഴി നൽകി. ആ യുവാവും അനിലയും തമ്മിലുള്ള സൗഹൃദത്തിന്റെ പേരിൽ നിരന്തരമുണ്ടായ കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കൊല്ലം നഗരത്തിൽ ചെമ്മാൻമുക്കിലാണ് സംഭവം. അനിലയും സോണിയും സഞ്ചരിച്ച കാറിന് മുന്നിൽ ഡോർ തുറക്കാനാകാതെ മറ്റൊരു കാർ കൊണ്ട് തടഞ്ഞുനിർത്തിയ പത്മരാജൻ പെട്രോൾ ഒഴിക്കുകയും തീയിടുകയുമായിരുന്നു. വാഹനത്തിൽ മൂന്ന് തവണ പൊട്ടിത്തെറിയുണ്ടായി. വാഹനം കത്തുന്നത് കണ്ട് വഴിയാത്രക്കാർ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു.
കണ്ടുനിന്നവർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും കാർ ആളിക്കത്തിയതിനാൽ ആളുകൾക്ക് അടുക്കാനായില്ല. പൊലീസെത്തി വാഹനം തുറന്ന് പൊള്ളലേറ്റ നിലയിൽ സോണിയെ പുറത്തെത്തിക്കുകയായിരുന്നു. സോണിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാചക തൊഴിലാളിയാണ് പത്മരാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.