കൊല്ലം: വ്യത്യസ്ത ബൈക്ക് മോഷണക്കേസുകളിലെ രണ്ട് പ്രതികളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് കഴിഞ്ഞ 10ന് മോഷ്ടിച്ച കേസിൽ തിരുവനന്തപുരം അമ്പൂരി കുടപ്പനമൂട് കണ്ണന്നൂർ ആശഭവനിൽ ജിബിൻ (18) തിരുവനന്തപുരം വലിയതുറയിൽനിന്ന് അറസ്റ്റിലായി.
സ്റ്റേഷൻ റണ്ണിങ് റൂമിന് സമീപം റോഡരികിൽ പാർക്ക് ചെയ്ത ബൈക്ക് മോഷണം പോയതായി കാണിച്ച് തങ്കശ്ശേരി സ്വദേശി 15ന് നൽകിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. മൂന്ന് ദിവസം മുമ്പ് റെയിൽവേ സ്റ്റേഷൻ റണ്ണിങ് റൂമിന് സമീപത്ത് നിന്ന് മറ്റൊരു ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ കടയ്ക്കൽ അണപ്പാട് ചാണപ്പാറ തോട്ടുംകര കിഴക്കതിൽ വീട്ടിൽ സുജിത്ത് (22) കഴിഞ്ഞദിവസം ഈസ്റ്റ് പൊലീസിന്റെ പിടിയിലായി. മോഷണശ്രമം ശ്രദ്ധയിൽപെട്ട നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ അറിയിച്ചെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു. നാട്ടുകാർ എടുത്ത ഫോട്ടോ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞദിവസം ആശ്രാമത്തുനിന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു.
കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ അനിൽ കുമാർ, എസ്.ഐ സുമേഷ്, സി.പി.ഒമാരായ ഷെഫീക്ക്, അനു ആർ. നാഥ്, ഷൈജു, അജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.