കൊച്ചി: കളമശ്ശേരി സംറ കൺവെൻഷൻ സെന്‍ററിൽ ബോംബുവെച്ച ശേഷം ആദ്യം നടത്തിയ സ്ഫോടന ശ്രമം പാളിയെന്ന് പ്രതി ഡൊമിനിക് മാർട്ടിന്‍റെ മൊഴി. റിമോട്ട് ഉപയോഗിച്ചാൽ പൊട്ടിത്തെറിക്കുന്ന വിധം നിർമിച്ച ബോംബിന്‍റെ സ്വിച്ച് ഓണ്‍ ചെയ്യാന്‍ മറന്നുവെന്നാണ് ഇയാൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ പറഞ്ഞത്. പിന്നീട് രണ്ടാമത് വന്ന് സ്ഫോടക വസ്തുവിലെ സ്വിച്ച് ഓൺ ചെയ്താണ് സ്ഫോടനം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തി.
യഹോവ സാക്ഷികൾ തിങ്ങിനിറഞ്ഞ ഹാളിന്‍റെ മധ്യഭാഗത്ത് വേദിയിൽനിന്ന് അഞ്ച് മീറ്റർ മാറിയാണ് ബോംബ് വെച്ചത്. ഒന്നിനു പിറകെ ഒന്നായി മൂന്ന് പൊട്ടിത്തെറികളാണ് സംഭവിച്ചത്. രാവിലെ 7.30 ഓടെയാണ് സംറ കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയത്. തുടർന്ന് സ്ഫോടക വസ്തു സ്ഥാപിക്കുമ്പോൾ ഹാളിലുണ്ടായിരുന്നത് വെറും മൂന്ന് പേര്‍ മാത്രമായിരുന്നു. പുറത്തെത്തിയ ശേഷം ആളുകള്‍ വന്നുതുടങ്ങുന്ന സമയത്ത് സ്ഫോടനം നടത്താൻ ശ്രമിച്ചപ്പോൾ ബോംബ് പൊട്ടിയില്ല.
പിഴവ് പറ്റിയെന്ന് തിരിച്ചറിഞ്ഞതോടെ വീണ്ടുമെത്തി സ്ഫോടക വസ്തുവിലെ സ്വിച്ച് ഓണ്‍ ചെയ്തു. തുടർന്നാണ് പ്രാർഥനസമയത്ത് റിമോട്ട് കൺട്രോൾ ഉപയോഗിച്ച് സ്ഫോടനം നടത്തിയതെന്ന് മൊഴിയിൽ പറയുന്നു. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് മാർട്ടിൻ ഞായറാഴ്ച പദ്ധതി നടപ്പാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം. ശനിയാഴ്ചയും ഇയാൾ സെന്ററിലെത്തിയിരുന്നു. ഞായറാഴ്ച രാവിലെ 9.40ഓടെയുണ്ടായ സ്ഫോടനത്തിൽ മൂന്നുപേരാണ് മരിച്ചത്. അറുപതോളം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.