നെടുങ്കണ്ടം: വാഹനങ്ങളിലും അതിര്‍ത്തി മേഖലകളിലെ ഇടവഴികളിലൂടെയും വന്‍തോതില്‍ കഞ്ചാവ് ജില്ലയിലേക്ക് എത്തുന്നു. ശരീരത്തില്‍ ഒളിപ്പിച്ചും ബാഗുകളിലും ഇരുചക്ര വാഹനങ്ങളിലും മറ്റും സ്ത്രീകളും യുവാക്കളും വിദ്യാർഥികളുമടക്കം കഞ്ചാവ് കടത്തുന്നുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലകളില്‍ കര്‍ശന പരിശോധനമൂലം നിലച്ചിരുന്ന കഞ്ചാവ് കടത്താണ് വീണ്ടും സജീവമായിരിക്കുന്നത്. തമിഴ്നാട്ടിലെ കമ്പം, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ലഹരിവസ്തുക്കളേറെയും ഇടുക്കിയിലെത്തുന്നത്. ആന്ധ്രയില്‍നിന്നുള്ള കഞ്ചാവാണ് കൂടുതലും എത്തുന്നത്. ജില്ലയിലെത്തുന്ന കഞ്ചാവ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കും.
ജില്ലയിലെ ചെക്പോസ്റ്റുകളില്‍ വാഹന പരിശോധനക്കിടെ എക്സൈസ് അധികൃതര്‍ പിടികൂടിയവരില്‍ ഏറെയും എറണാകുളം, ആലപ്പുഴ ഭാഗങ്ങളില്നിന്നെത്തിയവരായിരുന്നു. കഞ്ചാവുമായി പിടിയിലാകുന്നവരിലേറെപ്പേര്ക്കും കഞ്ചാവ് ലോബിയെക്കുറിച്ച് വിവരങ്ങള്‍ അറിയില്ല. പണവും മോഹനവാഗ്ദാനവും നല്കി യുവാക്കളെ വലയിൽ വീഴ്ത്തുകയാണ് രീതി. ഇവരുമായി ബന്ധപ്പെടുന്നത് ഇടനിലക്കാര്‍ മാത്രമാണ്. ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ വന്‍തോതില്‍ എത്തുന്ന ചെക്പോസ്റ്റുകളില്‍ പരിശോധന പലപ്പോഴും പേരിനുമാത്രമാണ്. ഇതോടെ കഞ്ചാവ് കടത്തുകാരുടെ എണ്ണവും വർധിക്കുകയാണ്.
അതിര്‍ത്തി മേഖലയിലെ ഇടവഴിയെല്ലാം കഞ്ചാവ് കടത്ത് സജീവമാണ്. പരിശോധനകളില്ലാത്തതാണ് കള്ളക്കടത്തുകാര്‍ ഈ മാർഗം തെരഞ്ഞെടുക്കാന്‍ കാരണം. പിടിയിലാകുന്നത് പലപ്പോഴും ഒറ്റുമ്പോള്‍ മാത്രമാണ്. പിടിയിലാകുന്നവര്‍ക്ക് ഉറവിടമോ ലക്ഷ്യസ്ഥാനമോ കൃത്യമായി അറിയില്ല. പിടിക്കപ്പെടുന്നവർ പലരും തെറ്റായ വിവരങ്ങള്‍ നല്കി ഉദ്യോഗസ്ഥരെ കുഴക്കുന്നതും പതിവാണ്. തമിഴ്നാട്ടിലെ വന്‍ നഗരങ്ങളിലേക്കും കേരളത്തിലേക്കും കഞ്ചാവ് എത്തിക്കുന്ന വന്‍ റാക്കറ്റ് കമ്പം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായാണ് സൂചന.
രാമക്കല്‍മേട്, ബംഗ്ലാദേശ് കോളനി, ബാലന്‍പിള്ളസിറ്റി, തൂക്കുപാലം പൈങ്കിളിമുക്ക്, ചോറ്റുപാറ, കമ്പംമെട്ട്, തണ്ണിവളവ് തുടങ്ങിയ അതിര്‍ത്തി മേഖലകള്‍ കഞ്ചാവ് മൊത്ത വില്പന കേന്ദ്രങ്ങളുടെ താവളങ്ങളായി മാറിയിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്ന് സമാന്തര പാതകളിലൂടെ കഞ്ചാവ് ഇവിടെയെത്തിച്ചാണ് കൈമാറ്റം നടത്തുന്നത്. ജില്ലയിലെ ടൂറിസ്റ്റ് മേഖലകള്‍ കേന്ദ്രമാക്കി കഞ്ചാവ് കച്ചവടം തകൃതിയാണ്. കൊല്ലം, തിരുവനന്തപുരം, കായംകുളം, എറണാകുളം എന്നിവിടങ്ങളില്‍നിന്നാണ് പലരും കഞ്ചാവിനായി ജില്ലയിലെത്തുന്നത്. ജില്ലയില്‍ അപരിചിതരായ ഇവര്‍ക്ക് കഞ്ചാവ് കൈമാറാന്‍ രാമക്കല്‍മേട് മേഖലയില്‍ ഒന്നിലധികം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.