കോട്ടയം: നഗരമധ്യത്തിലെ സ്വർണക്കടയിൽ നിന്ന് 26 ഗ്രാം തട്ടിയെടുത്തു. ഓൺലൈനായി പണം അയച്ചതായും ബാങ്ക് നെറ്റ്വർക്ക് തകരാറിലായതിനാലാണ് വൈകുന്നതെന്നും വിശ്വസിപ്പിച്ചായിരുന്നു പ്രതിയുടെ തട്ടിപ്പ്. കഴിഞ്ഞ ഡിസംബർ 31നാണ് കോട്ടയം ചന്തക്കടവിലെ ശ്രീലക്ഷ്മണ ജ്വല്ലറിയിൽ തട്ടിപ്പ് നടന്നത്. 31ന് വൈകീട്ട് 4.30 ഓടെയാണ് കോഴിക്കോട് സ്വദേശിയായ പ്രവീൺ എന്ന് പരിചയപ്പെടുത്തിയ ആൾ കടയിൽ എത്തിയത്.
വിവാഹ വാർഷികത്തിന് ഭാര്യക്ക് സമ്മാനമായി നൽകാനാണെന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ വാങ്ങി. 2.25 ലക്ഷം രൂപ വരുന്ന ആഭരണങ്ങളാണ് എടുത്തത്. ഗൂഗ്ൾ പേ വഴി പണം അയക്കാമെന്ന് അറിയിച്ചു. എന്നാൽ, ഗൂഗ്ൾ പേ ആയി പണം അയക്കാനാവാതെ വന്നതോടെ അക്കൗണ്ടിലൂടെ തുക നൽകാമെന്ന് ഇയാൾ അറിയിച്ചു. ജ്വല്ലറിയുടെ അക്കൗണ്ട് നമ്പർ വാങ്ങുകയും മൊബൈൽ വഴി പണം അയച്ചതായും അറിയിച്ചു. എന്നാൽ, തുക ലഭിച്ചില്ല.
തന്റെ അക്കൗണ്ടിൽ നിന്ന് പണം പോയെന്നും ജ്വല്ലറിയുടെ അക്കൗണ്ടിൽ കയറാത്തത് ബാങ്ക് നെറ്റ്വർക്ക് തകരാറിലായതിനാലാണെന്നും ഇയാൾ കട ഉടമയെ വിശ്വസിപ്പിച്ചു. ഒരു മണിക്കൂറോളം കടയിൽ ചെലവഴിച്ച ഇയാൾ ആഭരണങ്ങളുമായി പോകുകയും ചെയ്തു. ഇതിനിടെ കട ഉടമ ബാങ്കിനെയും പൊലീസിനെയും ബന്ധപ്പെട്ടെങ്കിലും വർഷാന്ത്യമായതിനാൽ സെർവർ അപ്ഡേഷൻ നടക്കുന്നതിനാണ് 24 മണിക്കൂർ കാത്തിരിക്കാൻ നിർദേശിച്ചു. എന്നാൽ, 31ന് രാത്രി ഒമ്പതോടെ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയി. ഇതോടെയാണ് തങ്ങൾ തട്ടിപ്പിന് ഇരയായതായി ജ്വല്ലറി ഉടമകൾക്ക് മനസിലായത്. തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം തുടങ്ങിയ പൊലീസ് തട്ടിപ്പുകാരന്റെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.