പാലക്കാട്: ദേശീയപാതയില്‍ കാര്‍ തടഞ്ഞ് പണം കവർന്ന സംഘത്തിലെ രണ്ടു പ്രതികൾ കീഴടങ്ങി. തൃശൂർ കല്ലൂർ സ്വദേശി ജീസൻ ജോസ് (37), തൃശൂർ സ്വദേശിയും നിലവിൽ ബംഗളൂരു ബാലാജി ലേഔട്ടിൽ താമസിക്കുകയും ചെയ്യുന്ന പി.വി. സന്ദീപ് (32) എന്നിവരാണ് പാലക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ കീഴടങ്ങിയത്. ഏഴു മാസത്തോളം ഒളിവിൽ കഴിഞ്ഞ ശേഷം പാലക്കാട് സെക്കൻഡ് അഡീഷനൽ ജില്ല കോടതിയിൽ ജാമ്യത്തിനായി സമീപിച്ചെങ്കിലും നിരസിച്ചതോടെയാണ് ഇരുവരും കീഴടങ്ങിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. വിശദമായി ചോദ്യംചെയ്യാനും തെളിവുകൾ ശേഖരിക്കാനുമായി തിങ്കളാഴ്ച കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തുടനീളം വിവിധ പൊലീസ് സ്റ്റേഷനിൽ ഇരുവർക്കുമെതിരെ കേസുകളുള്ളതായി അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഡിസംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയില്‍ പുതുശ്ശേരി ഫ്ലൈഓവറില്‍ ടിപ്പറും കാറുകളും ഉപയോഗിച്ച് കാര്‍ തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും കൂട്ടാളിയെയും ആക്രമിച്ച് കാറും മൂന്നര കോടി രൂപയും തട്ടിയെടുക്കുകയും ശേഷം കാര്‍ ഒറ്റപ്പാലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 17 ആയി. സി.സി.ടി.വി ദൃശ്യങ്ങള്‍ നിരീക്ഷിച്ചും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതികളെ തിരിച്ചറിഞ്ഞത്. ഇന്‍സ്പെക്ടര്‍മാരായ എന്‍.എസ്. രാജീവ്, എ. ദീപകുമാര്‍, എസ്.ഐ എസ്. അനീഷ്, എ.എസ്.ഐ ഷാഹുല്‍ ഹമീദ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.