ഈരാറ്റുപേട്ട: യുവാവിനെ ആക്രമിച്ച് വാഹനം തട്ടിയെടുത്ത കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടയ്ക്കൽ കണിയാംകുന്നേൽ വീട്ടിൽ മുഹമ്മദ് മുനീർ (24), നടയ്ക്കൽ വഞ്ചാങ്കൽ വീട്ടിൽ ആഷിദ് (22), നടയ്ക്കൽ ചിയാലിൽ വീട്ടിൽ സുൽഫിക്കർ (30), നടയ്ക്കൽ കന്നുപറമ്പിൽ വീട്ടിൽ അജ്മൽ ഷാ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈരാറ്റുപേട്ട സ്വദേശി, തന്‍റെ കാർ വിൽക്കാനുണ്ടെന്ന് ഫേസ്ബുക്കിൽ പരസ്യംചെയ്തതിനെ തുടർന്ന് പ്രതികളിൽ ഒരാളായ ആഷിദ് പരസ്യം കൊടുത്ത ആളെ വിളിച്ച് വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ സന്ധ്യയോടുകൂടി കാഞ്ഞിരപ്പള്ളിയിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. തുടർന്ന് വാഹന ഉടമ തന്‍റെ ബന്ധുവിന്‍റെ കൈയില്‍ വാഹനം കൊടുത്തുവിട്ടു.
തുടർന്ന് ആഷിദും കൂട്ടുപ്രതി മുനീറും ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന വ്യാജേന വാഹനം ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഈരാറ്റുപേട്ടയിൽ എത്തിയപ്പോള്‍ ആഷിദ് ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് തട്ടുകടയുടെ സമീപം വണ്ടി നിർത്തി. ഈ സമയം മറ്റ് രണ്ടുപ്രതികളായ അജ്മൽ ഷായെയും സുൽഫിക്കറിനെയും കാറിൽ ഉണ്ടായിരുന്ന പ്രതികൾ ഇരുവരും ചേർന്ന് വിളിച്ചുവരുത്തുകയും തുടർന്ന് പ്രതികള്‍ നാലുപേരും ചേർന്ന് കാറിൽ ഉണ്ടായിരുന്ന യുവാവിനെയും സുഹൃത്തിനെയും ആക്രമിച്ച് വാഹനവുമായി കടന്നുകളയുകയായിരുന്നു.
യുവാവിന്‍റെ പരാതിയെ തുടർന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നാലുപേരെയും ഈരാറ്റുപേട്ടയുടെ വിവിധസ്ഥലങ്ങളിൽനിന്നും പിടികൂടുകയായിരുന്നു. ഒളിപ്പിച്ച നിലയിൽ കാറും പൊലീസ് കണ്ടെടുത്തു. പ്രതികളായ ആഷിദിനും അജ്മലിനും ഈരാറ്റുപേട്ടയിൽ നിരവധി കേസ് നിലവിലുണ്ട്. സുൽഫിക്കറിന് നിലമ്പൂർ എക്സൈസിൽ കേസുകൾ നിലവിലുണ്ട്.
ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐമാരായ വി.വി. വിഷ്ണു, എം സുജിലേഷ്, എ.എസ്.ഐ ഇക്ബാൽ, സി.പി.ഒ ശരത് കൃഷ്ണദേവ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.