ന്യൂഡൽഹി: ജോലി വാഗ്ദാനം ചെയ്ത് 21കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അഭിഭാഷകനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. തീസ് ഹസാരി കോടതിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം അഭിഭാഷകൻ പീഡിപ്പിച്ചെന്ന് കാണിച്ച് ജൂലൈ 30ന് നൽകിയ പരാതിയിലാണ് നടപടി. സബ്ജി മണ്ഡി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ജോലി അന്വേഷിച്ച് നടക്കുകയായിരുന്ന യുവതിക്ക് ബന്ധുവായ മറ്റൊരു സ്ത്രീയാണ് അഭിഭാഷകന്‍റെ ഫോൺ നമ്പർ നൽകിയത്. യോഗ്യതാ സർട്ടിഫിക്കറ്റുകൾ കാണിക്കാനായി കോടതിയിലെത്താൻ ഇയാൾ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. പത്തു ദിവസത്തിനകം ജോലി ശരിയാക്കാമെന്നു പറഞ്ഞെങ്കിലും വിവരമൊന്നും ലഭിക്കാത്തതിനാൽ യുവതി അഭിഭാഷകന് മെസേജ് അയക്കുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തു.
അഭിഭാഷകൻ ആവശ്യപ്പെട്ടതു പ്രകാരം ജൂലൈ 27ന് യുവതി വീണ്ടും കോടതിയിലെത്തി. ഇവിടെവെച്ച് യുവതിയെ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. യുവതി ഒച്ചവെച്ചതോടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തുകയും 1500 രൂപ നൽകി പറഞ്ഞയക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പിന്നീട് ബന്ധുവിനോട് പറയുകയും ഇതിനുശേഷം പൊലീസിനെ സമീപിക്കുകയും ചെയ്തു. വിശദമായ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.