വാടാനപ്പള്ളി: തളിക്കുളം ഗവ. ഹൈസ്കൂൾ പരിസരത്ത് നിന്ന് 75 ഗ്രാം എം.ഡി.എം.എയും 3.5 കിലോഗ്രാം കഞ്ചാവും മൂന്ന് ഗ്രാം ഹഷീഷ് ഓയിലുമായി ഗുണ്ടe ലിസ്റ്റിൽപെട്ടയാളെ റൂറൽ ജില്ല ഡൻസാഫ് ടീമും വാടാനപ്പള്ളി പൊലീസും ചേർന്ന് പിടികൂടി. മാള ഗുരുതിപ്പാല അണ്ണനല്ലൂർ കോട്ടുകര വീട്ടിൽ വിശാലിനെയാണ് (34) പ്രത്യേക പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. റൂറൽ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റൂറൽ ഡാൻസാഫ് സംഘം നാളുകളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. റൂറൽ ജില്ല പൊലീസ് മേധാവി നവനീത് ശർമയുടെ നിർദേശ പ്രകാരം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തീരദേശ മേഖലയിലെ വിദ്യാർഥികൾക്ക് വിൽപന നടത്തുന്ന മൊത്ത കച്ചവടക്കാരെ ലക്ഷ്യമാക്കിയാണ് പ്രതി എം.ഡി.എം.എയും കഞ്ചാവും കൊണ്ടുവന്നത്. ഇവ കൈമാറാനായി കാത്തുനിൽക്കുമ്പോഴാണ് പ്രതി പിടിയിലായത്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ ഏഴ് കിലോ ഹഷീഷ് ഓയിൽ പിടികൂടിയ കേസിൽ മുഖ്യപ്രതിയായ ഇയാൾ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാവുന്നത്.
ഇയാൾ മാള പൊലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽപെട്ടയാളും നിരവധി ക്രിമിനൽ കേസുകളിലും മയക്കുമരുന്ന് കേസുകളിലും പ്രതിയുമാണ്.
തൃശൂർ, എറണാകുളം മേഖലയിൽ മയക്കുമരുന്നിന്റെ മൊത്തക്കച്ചവടക്കാരിൽ പ്രധാനിയാണ് ഇയാൾ.
ആർക്കൊക്കെയാണ് ഇയാൾ എം.ഡി.എം.എ യും കഞ്ചാവും വിൽപന നടത്തുന്നതെന്നും ആരൊക്കെയാണ് ഉപഭോക്താക്കൾ എന്നും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ സി.ഐ. ബിനു, എസ്.ഐ മാരായ ശ്രീലക്ഷ്മി, മുഹമ്മദ് റാഫി, റൂറൽ ഡാൻസാഫ് എസ്.ഐ.മാരായ സി.ആർ. പ്രദീപ്, പി.ജയകൃഷ്ണൻ, ടി.ആർ.ഷൈൻ, ഡാൻസാഫ് അംഗങ്ങളായ സൂരജ് വി.ദേവ്, ലിജു ഇയ്യാനി, സോണി, എം.വി. മാനുവൽ, നിഷാന്ത്, ഷിന്റോ, വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒമാരായ മനോജ്, അലി, സി.പി.ഒ ജിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.