മഞ്ചേരി: പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പിതാവിന് 133 വർഷം കഠിന തടവും 8.85 ലക്ഷം രൂപ പിഴയും. എടവണ്ണ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ 42 വയസ്സുകാരനെയാണ് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്.
13 വയസ്സുള്ള മകളെ പീഡിപ്പിച്ചതിന് 123 വർഷം തടവും ഏഴു ലക്ഷം രൂപ പിഴയും മറ്റൊരു കേസിൽ 11 വയസ്സുള്ള മകളോട് ലൈംഗികാതിക്രമം കാണിച്ചതിന് 10 വർഷം തടവും 1.85 ലക്ഷം പിഴയുമാണ് ശിക്ഷ. 2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ 13 വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
ഈ കേസിൽ പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവും അനുഭവിക്കണം. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെത്തന്നെ വിചാരണ നടത്തണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിച്ച കോടതി പ്രതിക്ക് ജാമ്യം നൽകിയിരുന്നില്ല.
മൂന്ന് വകുപ്പുകളിലായി 40 വർഷം വീതം കഠിനതടവും പിഴയുമാണ് ശിക്ഷ. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നു വർഷവും തടവുണ്ട്. പ്രതി പിഴ അടക്കുകയാണെങ്കില്‍ പിഴസംഖ്യയായ ഏഴ് ലക്ഷം രൂപ അതിജീവിതക്ക് നല്‍കാനും, കൂടാതെ മതിയായ നഷ്ടപരിഹാരം നല്‍കാനായി ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിർദേശം നൽകി. 16 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകളും ഹാജരാക്കി.
2022 മാര്‍ച്ച് 26നാണ് 11 വയസ്സുള്ള കുട്ടിക്കു നേരെ പ്രതി ലൈംഗികാതിക്രമം നടത്തിയത്. വിവിധ വകുപ്പുകളിലായാണ് 10 വർഷം കഠിന തടവ്. ഈ കേസിൽ പ്രതി പിഴ അടക്കുകയാണെങ്കില്‍ പിഴസംഖ്യയായ 1,85,000 രൂപ അതിജീവിതക്ക് നല്‍കാനും ഉത്തരവായി. 18 സാക്ഷികളെ വിസ്തരിച്ചു. 12 രേഖകളും ഹാജരാക്കി. എടവണ്ണ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന അബ്ദുല്‍ മജീദ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ ഹാജരായി. പ്രോസിക്യൂഷന് ലൈസണ്‍ വിങ്ങിലെ അസി. സബ് ഇന്‍സ്പെക്ടര്‍മാരായ എൻ. സല്‍മ, പി. ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെൻട്രൽ ജയിലിലേക്കയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.