റെയിൽവേ ട്രാക്കിലിറങ്ങിയ പ്രതിഷേധക്കാരുമായി പൊലീസ് ചർച്ച നടത്തുന്നു

നഴ്സറി കുട്ടികളെ പീഡിപ്പിച്ച സംഭവം: സ്കൂളിലെ കരാർ ജീവനക്കാരനെ റിമാൻഡ് ചെയ്തു

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ബദലാപുരിൽ കിന്‍റർഗാർട്ടൻ കുട്ടികൾക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ സ്കൂളിലെ കരാർ ജീവനക്കാരനെ മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്താനായി പ്രത്യേക സംഘത്തെ അയക്കുമെന്ന് ദേശീയ ബാലാവകാശ കമീഷൻ അറിയിച്ചു. കുറ്റകൃത്യം മറച്ചുവെക്കാൻ സ്കൂൾ അധികൃതർ ശ്രമിച്ചതായി കമീഷൻ അധ്യക്ഷൻ പ്രിയങ്ക് കനുങ്കോ പറഞ്ഞു.

വ്യാപക അക്രമ സംഭവങ്ങളെ തുടർന്ന് ചൊവ്വാഴ്ച മേഖലയിൽ റദ്ദാക്കിയ ഇന്‍റർനെറ്റ് സംവിധാനം ഇന്ന് പുനഃസ്ഥാപിച്ചിട്ടുണ്ട്. മൂന്നും നാലും വയസ്സുള്ള പെൺകുട്ടികളെ സ്കൂളിലെ തൂപ്പുകാരൻ പീഡിപ്പിച്ചെന്നാണ് കേസ്. ആഗസ്റ്റ് 13നാണ് രണ്ട് പെൺകുട്ടികൾ സ്കൂളിലെ ശുചിമുറിയിൽ അതിക്രമത്തിന് ഇരയായത്. ഇതിൽ ഒരു പെൺകുട്ടി 16ന് മാതാപിതാക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. പിന്നാലെ ഇവർ നൽകിയ കേസിൽ പ്രതി അക്ഷയ് ഷിൻഡെ 17ന് അറസ്റ്റിലായി. സംഭവത്തിൽ വ്യാപക പ്രതിഷേധമുയരുകയും ആളുകൾ സംഘടിച്ചെത്തി സ്കൂൾ അടിച്ചുതകർക്കുകയും ചെയ്തു.

ചൊവ്വാഴ്ച ബദലാപുർ റെയിൽവേ സ്റ്റേഷനിൽ ആയിരക്കണക്കിനു പേർ സംഘടിച്ചെത്തി ട്രെയിൻ സർവീസുകൾ തടഞ്ഞു. ഇതോടെ നിരവധി ലോക്കൽ ട്രെയിനുകൾ റദ്ദാക്കുകയും ദീർഘദൂര സർവീസുകൾ വഴിതിരിച്ചുവിടുകയും ചെയ്തു. ഒമ്പതു മണിക്കൂറിനു ശേഷമാണ് പൊലീസിന് പ്രതിഷേധക്കാരെ പിരിച്ചുവിടാനായത്. പരാതി നൽകി 12 മണിക്കൂറിനു ശേഷമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് കൂട്ടിയുടെ മാതാപിതാക്കൾ പറയുന്നു. കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു.

സ്കൂൾ മാനേജ്മെന്‍റ് പ്രിൻസിപ്പലിനെയും ക്ലാസ് ടീച്ചറെയും ഫീമെയിൽ അറ്റൻഡന്‍റിനെയും സസ്പെൻഡ് ചെയ്തു. പ്രതി അക്ഷയ് ഷിൻഡെ കരാർ അടിസ്ഥാനത്തിൽ ആഗസ്റ്റ് ഒന്നിനാണ് ജോലിയിൽ പ്രവേശിച്ചത്. കേസെടുക്കാൻ വൈകിയെന്ന ആരോപണത്തിനു പിന്നാലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ മഹാരാഷ്ട്ര സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. കേസന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി അതിവേഗ കോടതിയിൽ വിചാരണ നടത്തുമെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പ്രതിഷേധക്കാർക്ക് ഉറപ്പു നൽകി.

Tags:    
News Summary - Child rights body to probe Badlapur sex assault, internet back after protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.