മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജിലെ നഴ്സിങ് അസിസ്റ്റൻറിനെ ഓപറേഷൻ തിയറ്ററിനുള്ളിൽ ഡോക്ടർ ചവിട്ടിയതായി ആരോപണം. അണുമുക്തമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങളിൽ തട്ടിയതിൽ രോഷാകുലനായ ഓർത്തോ വിഭാഗത്തിലെ ഡോ. പ്രമോദ് നഴ്സിങ് അസിസ്റ്റൻറായ വിജയയെ കാലിൽ ചവിട്ടിയെന്നാരോപിച്ചാണ് പരാതി ഉയർന്നത്. എന്നാൽ ഇവർ ആശുപത്രി സൂപ്രണ്ടിനോ പൊലീസിനോ പരാതി നൽകിയിട്ടില്ല. ഒരേസമയം രണ്ട് സർജറികൾ നടക്കുന്ന ഓർത്തോ വിഭാഗം ബി തിയറ്ററിനുളളിലായിരുന്നു സംഭവം. ശസ്ത്രക്രിയ സമയത്ത് അവിടേക്ക് സ്ട്രക്ചറുമായി എത്തിയതായിരുന്നു ഇവർ. അണുമുകതമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങളിൽ സ്ട്രക്ചർ തട്ടിയെന്നും ഇതിൽ കുപിതനായ ഡോക്ടർ വിജയയെ ചവിട്ടിയെന്നാണ് ആരോപണം ഉയർന്നത്.
സംഭവത്തെ തുടർന്ന് ഇവരെ വാർഡിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എൻ.ജി.ഒ യൂനിയൻ സൂപ്രണ്ട് ഓഫിസിനു മുന്നിൽ പ്രതിഷേധം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാമെന്ന് സൂപ്രണ്ട് നിസാറുദീന്റെ ഉറപ്പിന്മേൽ പ്രവർത്തകർ പിരിഞ്ഞുപോവുകയായിരുന്നു. എൻ.ജി.ഒ യൂനിയൻ നോർത്ത് ജില്ല സെക്രട്ടറി കെ.എ. ബാബുരാജ് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.