ചാരുംമൂട്: ചാരുംമൂട്ടിൽ കള്ളനോട്ട് മാറാനെത്തിയ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റടക്കമുള്ള രണ്ടുപേർ അറസ്റ്റിൽ.താമരക്കുളം പേരൂർകാരാണ്മ അക്ഷയ് നിവാസിൽ ലേഖ (38), കൊല്ലം ഈസ്റ്റ് കല്ലട കൊടുവിള മുറിയിൽ ക്ലീറ്റസ് (45) എന്നിവരെയാണ് നൂറനാട് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചോയ്സ് സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ സ്ത്രീ നൽകിയ 500 രൂപ നോട്ടിൽ സംശയം തോന്നിയ ജീവനക്കാർ നൂറനാട് പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്നാണ് കള്ളനോട്ടുകൾ പിടിച്ചെടുത്തത്.
ലേഖയാണ് കള്ളനോട്ടുമായി സാധനം വാങ്ങാൻ എത്തിയത്. സംശയം തോന്നിയ ജീവനക്കാർ വിവരം നൂറനാട് സ്റ്റേഷനിൽ അറിയിച്ചതോടെ പൊലീസെത്തി പരിശോധിച്ചപ്പോൾ പഴ്സിൽനിന്ന് 500 രൂപയുടെ വേറെയും കള്ളനോട്ടുകൾ കണ്ടെത്തി. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് ലേഖയുടെ വീട്ടിൽ നടന്ന പരിശോധനയിൽ 500 രൂപയുടെ കൂടുതൽ നോട്ടുകൾ കണ്ടെത്തി.
അന്വേഷണത്തിൽ ഇവർക്ക് കള്ളനോട്ട് നൽകിയത് കൊല്ലം ഈസ്റ്റ് കല്ലട കൊടുവിളമുറിയിൽ പത്താം വാർഡിൽ ക്ലീറ്റസാണെന്ന് മനസ്സിലാക്കി. ഇയാളെ വീടിനു സമീപത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 500 രൂപയുടെ കള്ളനോട്ടുകൾ കൈയിൽനിന്ന് കണ്ടെത്തി. ഈസ്റ്റ് കല്ലട മുൻ സി.പി.ഐ പഞ്ചായത്ത് പ്രസിഡന്‍റാണ് ക്ലീറ്റസെന്നും പൊലീസ് പറഞ്ഞു. വീടുകയറി ആക്രമണം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
10,000 രൂപയുടെ 500ന്റെ കള്ളനോട്ടുകളായിരുന്നു മാറ്റിയെടുക്കാൻ ക്ലീറ്റസ് ലേഖക്ക് നൽകിയിരുന്നതെന്നും പൊലീസ് പറഞ്ഞു.കഴിഞ്ഞ ഒരുമാസമായി ലേഖ ചാരുംമൂട്ടിലെ സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, ഫാൻസി സ്റ്റോറുകൾ തുടങ്ങിയ കടകളിൽ കയറി 500 രൂപയുടെ കള്ളനോട്ടുകൾ മാറി. നോട്ടുകളുടെ ഉറവിടത്തെപ്പറ്റി പൊലീസ് അന്വേഷണം ശക്തമാക്കി. പ്രതികളെ റിമാൻഡ് ചെയ്തു.എസ്.ഐ നിതീഷ്, ജൂനിയർ എസ്.ഐ ദീപു പിള്ള, എസ്.ഐ രാജീവ്, എ.എസ്.ഐ പുഷ്പൻ, സി.പി.ഒമാരായ ഷാനവാസ്, രഞ്ജിത്, വിഷ്ണു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.