നിലമ്പൂർ: നിലമ്പൂർ തെക്കേപ്പുറത്തെ ദണ്ഡപാണിയെ സുഹൃത്ത് കല്ലേമ്പാടം സ്വദേശി ചന്ദ്രൻ കൊലപ്പെടുത്തിയത് വീട്ടിൽ വിലപിടിപ്പുള്ള വസ്തുക്കളുണ്ടാവാൻ സാധ്യതയുണ്ടെന്ന നിഗമനത്താൽ. ദണ്ഡപാണി മുമ്പ് സ്വർണക്കച്ചവടവും മറ്റ് ബിസിനസുകളും നടത്തിയിരുന്നു. വീട്ടിലെ ലോക്കറിൽ നാല് ലക്ഷത്തോളം വിലവരുന്ന സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനാലാണിത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടെ താമസിക്കാറുള്ള പ്രതിയിലേക്ക് അന്വേഷണമെത്തിയത്. ചന്ദ്രൻ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതായും സ്ഥലം വിട്ടതായും അറിഞ്ഞതോടെ അന്വേഷണം ഇയാളെ കേന്ദ്രീകരിച്ചായി. സംഭവശേഷം ഗൂഡല്ലൂരിലുള്ള ബന്ധുവീട്ടിൽ ഒരാഴ്ച താമസിച്ചതും അവിടെയുള്ള ലോഡ്ജിൽ ഒരു ദിവസം തങ്ങിയതായും വിവരം കിട്ടി. ഗൂഡല്ലൂർ, ബത്തേരി, മൈസൂർ, നാടുകാണി എന്നിവിടങ്ങളിലെത്തി അന്വേഷിച്ചെങ്കിലും പിന്നീട് നിലമ്പൂർ ടൗണിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.
സിമന്റ് കട്ട കൊണ്ട് തലക്കടിച്ച് ദണ്ഡപാണിയെ കൊലപ്പെടുത്തിയത് ജനുവരി 28 ന് രാത്രി 10 നും പതിനൊന്നിനുമിടക്കാണ്. മൃതദേഹം കണ്ടെത്തിയതാകട്ടെ, 16 ദിവസത്തിന് ശേഷവും. കൊലപ്പെടുത്തിയ ശേഷം ഗൂഡല്ലൂരിലും മറ്റിടങ്ങളിലും താമസിച്ച് ഒരാഴ്ചക്ക് ശേഷം വീണ്ടുമെത്തി മൃതദേഹത്തിന്റെ കൂടെ ഒരു ദിവസം രാത്രി പ്രതി അന്തിയുറങ്ങി. ദുർഗന്ധം ഒഴിവാക്കാൻ മണ്ണെണ്ണ മൃതദേഹത്തിൽ തളിച്ചാണ് ഉറങ്ങിയത്. മോഷ്ടിച്ച വെള്ളി ആഭരണങ്ങൾ വഴിക്കടവിലും മറ്റും വിൽപന നടത്തിയ ശേഷം രാത്രി ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങുകയായിരുന്നു.
മൃതദേഹം കണ്ടെത്തിയ വിവരം ഫെബ്രുവരി 14ന് പത്രത്തിൽ കണ്ടതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പെരിന്തൽമണ്ണ ബസ് സ്റ്റാന്റ്, മഞ്ചേരി സ്വകാര്യബാർ എന്നിവിടങ്ങളിൽ കഴിയുകയായിരുന്നു. ഇതിനിടെ ദണ്ഡപാണിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച ആയുർവേദ മരുന്നുകളുടെ വിൽപനയും നടത്തി. പൊലീസ് അന്വേഷണത്തിൽ പെരിന്തൽമണ്ണയിലെ സി.സി.ടി.വിയിൽ ചന്ദ്രനെ കണ്ടിരുന്നു. തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് നിലമ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് പിടിയിലായത്. മൂന്ന് വിവാഹം കഴിച്ച ചന്ദ്രൻ ഭാര്യമാരെ ഉപേക്ഷിച്ച് ഒറ്റക്കാണ് താമസം. സ്ഥിരം മദ്യപാനിയായ ഇയാൾ 2009 ൽ മൊബൈൽ മോഷണ കേസിൽ പിടിയിലായി ആറ് മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പത്ത് വർഷത്തോളം ജോലി ചെയ്തിരുന്ന ഗൂഡല്ലൂരിലെ ഹോട്ടലിൽ സാധനങ്ങൾ നശിപ്പിച്ച് അര ലക്ഷത്തിന്റെ നാശനഷ്ടം വരുത്തിയ കേസുമുണ്ട്. അടുത്തിടെ നിലമ്പൂരിലെ ഡ്രൈവിങ് സ്കൂളിലെ കാർ മോഷ്ടിച്ച് കടത്താനും ശ്രമം നടത്തി. തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.