കട്ടപ്പന: സ്വർണം വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയുടെ കൈയിൽനിന്ന് എട്ട് ലക്ഷം തട്ടിയ രണ്ടുപേർ കട്ടപ്പന പൊലീസ് പിടിയിലായി. ഒന്നാം പ്രതി കാഞ്ഞിരപ്പള്ളി സ്വദേശി ഷരീഫ് ഒളിവിലാണ്. മുണ്ടക്കയം ചാച്ചിക്കവല ഭാഗത്ത് ആറ്റുപറമ്പിൽ വീട്ടിൽ ഷെഹിൻ (29), കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് കൊട്ടാരപ്പറമ്പിൽ വീട്ടിൽ സിനാജ് എന്ന സിറാജ് (43) എന്നിവരാണ് പിടിയിലായത്.
സ്വർണം വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയെ ഷരീഫിന്റെ നേതൃത്വത്തിലെ സംഘം കട്ടപ്പനയിൽ വിളിച്ചുവരുത്തി. 23ന് വൈകീട്ട് ഏഴോടെ കട്ടപ്പന സെൻട്രൽ ജങ്ഷനിൽനിന്ന് എറണാകുളം സ്വദേശിയെ കബളിപ്പിച്ച് എട്ട് ലക്ഷം രൂപയുമായി ഷരീഫ് മുങ്ങുകയായിരുന്നു. 38 ലക്ഷം രൂപയുടെ സ്വർണം കടമായി വാങ്ങി നൽകാമെന്നും എട്ട് ലക്ഷം രൂപ അഡ്വാൻസ് നൽകണമെന്നും പറഞ്ഞാണ് പണം തട്ടിയത്.
എറണാകുളം സ്വദേശിയുടെ പരാതിയെത്തുടർന്ന് കട്ടപ്പന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പ്രതികൾ കൊലപാതകം, വധശ്രമം, പിടിച്ചുപറി, സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതികളും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരുമാണ്. പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിനെ ആക്രമിക്കുന്നതിനും ശ്രമിച്ചു. കട്ടപ്പന പൊലീസ് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പൊൻകുന്നം പൊലീസ് എന്നിവരുടെ സഹായത്തോടെയാണ് പിടികൂടിയത്.
പ്രതികൾ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിൽ എടുത്തു. ഇടുക്കി ജില്ല പോലീസ് മേധാവി വിഷ്ണു പ്രദീപ്, കട്ടപ്പന ഡിവൈ.എസ്.പി പി.വി. ബേബി എന്നിവരുടെ മേൽനോട്ടത്തിൽ കട്ടപ്പന പൊലീസ് ഇൻസ്പെക്ടർ സുരേഷ് കുമാർ, കാഞ്ഞിരപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ഫൈസൽ, പൊൻകുന്നം പൊലീസ് ഇൻസ്പെക്ടർ ദിലീഷ്, എസ്.സി.പി.ഒമാരായ സുരേഷ് ബി. ആന്റോ, വി.എം. ശ്രീജിത്, എസ്. സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുമ്പ് കള്ളനോട്ട് കേസിൽ പ്രതിയായിരുന്നു ഷരീഫ്. സ്വർണക്കടത്ത് സംഘവുമായി കേസിന് ബന്ധമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.