കാസർകോട്: ദേശീയ പാതയിൽ മൊഗ്രാൽ പുത്തൂരിൽ 1.65 കോടി രൂപ കവർന്ന സംഭവത്തിന് നേതൃത്വം നൽകിയത് കതിരൂർ മനോജ് വധക്കേസിലെ ഒമ്പതാം പ്രതി സിനിൽ. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. സിനിലിന് പുറമെ സുഹൃത്ത് വയനാട് സ്വദേശി സുജിത്തും ചേർന്നാണ് കവർച്ച നടത്തിയതെന്ന് ഇൻസ്‍പെക്ടർ അജിത്കുമാർ പറഞ്ഞു.
സ്വർണം വാങ്ങാനായി കാറില്‍ കൊണ്ടുപോവുകയായിരുന്ന 1.65 കോടി രൂപയാണ് കവർച്ച ചെയ്തത്. മൊഗ്രാല്‍ പുത്തൂരില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരി കൈലാസിന്‍റെ പണമാണ് നഷ്ടപ്പെട്ടത്. കേസിൽ ഏതാനും പ്രതികളെ ഇതിനകം പിടികൂടിയിട്ടുണ്ട്. ഇനി കിട്ടാനുള്ളത് പ്രധാന പ്രതികളായ സിനിലിനെയും സുജിത്തിനെയുമാണ്.
ദേശീയപാത വഴി കൊണ്ടുപോകുന്ന പണം കൊള്ളയടിക്കുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത് സിനിൽ ആണെന്ന് പൊലീസ് പറഞ്ഞു. സി.പി.എം മാലൂര്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സിനില്‍. വയനാട് സ്വദേശി സുജിത്തും സി.പി.എം പ്രവര്‍ത്തകനാണ്. നിലമ്പൂരില്‍ നിന്ന് 84 ലക്ഷം രൂപ, ഒല്ലൂരില്‍ നിന്ന് 95 ലക്ഷം, കതിരൂരില്‍ നിന്ന് 50 ലക്ഷം എന്നിവ കവര്‍ന്നതും ഈ സംഘമാണെന്ന് പൊലീസ് കണ്ടെത്തി.
കവരുന്നത് ഹവാല പണമായതിനാൽ കേസ് ഉണ്ടാകില്ല എന്ന ധൈര്യത്തിലാണ് സംഘം പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. കൊല്ലം മുതൽ കാസർകോട് വരെ ഇവർക്ക് ഏജൻസികൾ ഉണ്ട്. ദേശീയപാതയിലൂടെ വൻ തുകകൾ കൊണ്ടുവരുന്നതിന്റെ കൃത്യമായ വിവരം ഈ ഏജൻസികളാണ് നൽകുന്നത്. ജയിലിലെ കൂട്ടുകെട്ടിൽ നിന്നാണ് ഈ സംഘം ഉണ്ടായത്. പുറത്തിറങ്ങിയപ്പോൾ ഇവർ വലിയ വലിയ ഓപറേഷനുകൾ നടത്തുകയാണെന്ന് പൊലീസ് പറയുന്നു.
സിനിലിന്റെയും സുജിത്തിന്റെയും പ്രധാന സഹായിയായ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ പുതിയതെരു സ്വദേശി മുബാറക്കും സി.പി.എം പ്രവര്‍ത്തകനാണ്. ഗ്യാങിൽ ഇയാൾ അറിയപ്പെടുന്നത് 'സഖാവ്' എന്നാണ്. എന്നാല്‍, ഇവരെയെല്ലാം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്ന് സി.പി.എം നൽകുന്ന വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.