ചെറുതോണി: വ്യാജ പട്ടയങ്ങളെക്കുറിച്ചുള്ള അന്വേഷണം പാതിവഴിയിൽ നിലച്ചു. കഞ്ഞിക്കുഴിയിൽ വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ 23 വ്യാജ പട്ടയങ്ങൾ റദ്ദാക്കാനുള്ള നടപടികളാണ് ഉന്നത ഇടപെടൽ മൂലം പാതിവഴിയിൽ നിലച്ചത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ വ്യാജ പട്ടയങ്ങൾ സംബന്ധിച്ച് തെളിവെടുപ്പ് പൂർത്തിയായിട്ടും നടപടി വൈകുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കഞ്ഞിക്കുഴിയിൽ മാത്രമാണ് 23 വ്യാജ പട്ടയങ്ങൾ കണ്ടെത്തിയത്.
റിസോർട്ട് മാഫിയ പാറ പുറമ്പോക്കിലും മലമുകളിലും വനാതിർത്തിയിലും മറ്റുമായി അനധികൃത പട്ടയങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. പലസ്ഥലത്തും മാഫിയ റിസോർട്ട് നിർമിച്ച് പ്രവർത്തനം നടത്തിവരുകയാണ്. തൊടുപുഴ റേഞ്ചിലെ സംയുക്ത പരിശോധന (ജോയന്‍റ് വെരിഫിക്കേഷൻ) നമ്പർ ഉപയോഗിച്ചാണ് എല്ലാവർക്കും പട്ടയം നൽകിയത്. റിസോർട്ട് മാഫിയക്ക് പട്ടയം നൽകിയത് വാർത്തയായതോടെ വനംവകുപ്പ് സ്ഥലങ്ങൾ പരിശോധിക്കുകയും നൽകിയത് വ്യാജമാണെന്ന് കണ്ടെത്തുകയുമായിരുന്നു.
വ്യാജ പട്ടയങ്ങളും ഇവിടെ ആരംഭിച്ച റിസോർട്ടുകളുടെ ലൈസൻസും റദ്ദാക്കണമെന്ന് റവന്യൂ വകുപ്പിനും പഞ്ചായത്തിനും വനംവകുപ്പ് നിർദേശം നൽകിയെങ്കിലും നടപടിയുണ്ടായില്ല. റിസോർട്ടുകളിൽ ഏറിയ പങ്കും പ്രവർത്തിക്കുന്നത് പഞ്ചായത്തിന്‍റെ ലൈസൻസ് പോലുമില്ലാതെയാണ്. വ്യാജ പട്ടയം സംബന്ധിച്ച് കലക്ടർ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഫയൽ പരിശോധിച്ച് സ്ഥലം ഉടമകളിൽനിന്ന് ഉദ്യോഗസ്ഥരിൽനിന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. പട്ടയങ്ങൾ അനധികൃതമാണെന്നും സംയുക്ത പരിശോധന നമ്പർ വ്യാജമാണെന്നും തെളിഞ്ഞിട്ടുണ്ട്. വിരമിച്ച ഒരു റവന്യൂ ഉദ്യോഗസ്ഥനാണ് സ്ഥലത്തിന്‍റെ രേഖകൾ തയാറാക്കി ഒപ്പിട്ടിട്ടുള്ളതെന്നാണ് കണ്ടെത്തൽ. കൂടുതൽ അന്വേഷിച്ചാൽ ഉദ്യോഗസ്ഥരടക്കം പലരും കുടുങ്ങും. താലൂക്ക് ഓഫിസർ ഇപ്പോൾ സസ്പെൻഷനിലാണ്. പ്രദേശത്തെ നൂറുകണക്കിന് കർഷകർ പട്ടയത്തിന് അപേക്ഷനൽകി കാത്തിരിക്കുമ്പോഴാണ് പിൻവാതിലിലൂടെ പട്ടയംനൽകി കോടികളുടെ ഇടപാടുകൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.