കൊച്ചി: നീന്തൽ പഠനത്തിന്റെയും ജലസുരക്ഷ ബോധവത്കരണത്തിന്റെയും പ്രാധാന്യം വലുതാണെന്ന് വ്യക്തമാക്കുകയാണ് ജലാശയങ്ങളിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം. അഞ്ച് വർഷത്തിനുള്ളിൽ 6586 അപകടങ്ങളിലായി 6710 പേരാണ് മുങ്ങി മരണപ്പെട്ടതെന്ന് ആഭ്യന്തര വകുപ്പ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. നീന്തൽ അറിയാതെ അപകടങ്ങളിൽപെടുന്നത് മുതൽ മദ്യപിച്ച് ജലാശയങ്ങളിലിറങ്ങി വരുത്തിവെക്കുന്ന അപകടങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. അവധിക്കാലത്ത് വിദ്യാർഥികൾ മുങ്ങിമരിക്കുന്ന സംഭവങ്ങളാണ് അപകടങ്ങളിൽ ഏറെയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിനോദയാത്രക്കിടെ വെള്ളച്ചാട്ടങ്ങളിൽ വീഴുന്നവർ, ക്വാറികളിലും പുഴകളിലും കുളിക്കടവുകളിലും കുളിക്കാനിറങ്ങി അപകടത്തിൽപെടുന്നവർ എന്നിവരിൽ വലിയൊരു ശതമാനം വിദ്യാർഥികളാണ്. സ്ഥല പരിചയക്കുറവ് പലപ്പോഴും നീന്തൽ വശമുള്ളവരെയും അപകടത്തിലാക്കുന്നുണ്ട്. ഇക്കാലയളവിൽ അപകടത്തിൽപെട്ട 479 പേരെ രക്ഷപ്പെടുത്താനും കഴിഞ്ഞു.
സ്കൂളുകളിൽ കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി നീന്തൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭൗതികസൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ പരിശീലനം നൽകാൻ കഴിയുന്നില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും നീന്തൽ പരിശീലനവും ബോധവത്കരണവും ലക്ഷ്യമിടുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി.
അപകടങ്ങൾ കൂടുതലായി ശ്രദ്ധയിൽപെട്ട സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചും ബീച്ചുകളിലും മറ്റും പൊലീസ് പട്രോളിങ് ശക്തമാക്കിയും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊലീസ് എയ്ഡ് പോസ്റ്റുകൾ വഴി ബോധവത്കരണം നടത്തിയും അപകടങ്ങൾ തടയാൻ സുരക്ഷ നടപടികൾ സ്വീകരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.
വർഷം, അപകടങ്ങൾ, മരണപ്പെട്ടവർ, രക്ഷിക്കപ്പെട്ടവർ
2016, 996, 1025, 58
2017, 1218, 1248, 99
2018, 1188, 1213, 56
2019, 1270, 1287, 60
2020, 1051, 1067, 62
2021(ഒക്ടോബർ വരെ), 863, 870, 144
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.