മംഗളൂരു: പുലിനഖം ഉപയോഗിച്ചുള്ള ലോക്കറ്റ് വനം ഉദ്യോഗസ്ഥനും പുലിവാലായി. ചിക്കമഗളൂരു ജില്ലയിൽ കലസയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ യു. ദർശനെ പുലിനഖ ലോക്കറ്റ് ധരിച്ചതിന് വെള്ളിയാഴ്ച ഉച്ചയോടെ സസ്പെൻഡ് ചെയ്തു. ഇതിന് പിന്നാലെ എൻ.ആർ.പുരയിൽനിന്ന് ഇദ്ദേഹത്തെ വനം അധികൃതർ അറസ്റ്റ് ചെയ്തു.
അറെനൂർ ഗ്രാമവാസികളായ കെ. സുപ്രീത്, എൻ. അബ്ദുൽ എന്നിവരാണ് ഡി.ആർ.എഫ് കഴുത്തിലണിഞ്ഞത് പുലിനഖം ലോക്കറ്റ് ആണെന്ന് കണ്ടെത്തിയത്. വനം അധികൃതർ വനമേഖല ഏറെയുള്ള ചിക്കമഗളൂരു ജില്ലയിൽ പുലിനഖലോക്കറ്റ് വേട്ട തുടരുന്നതിനിടെ ഇത് സംബന്ധിച്ച് അവർ പരാതി നൽകി. അന്വേഷണ ഭാഗമായി
ദർശനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഡ്യൂട്ടിയിൽ ഉള്ളതായി കണ്ടില്ല. അവധി അപേക്ഷ നൽകിയിരുന്നുമില്ല. ഇതേത്തുടർന്നാണ് സസ്പെൻഡ് ചെയ്തത്. പുലിനഖ ലോക്കറ്റ് ധരിച്ചതിന് കേസെടുത്ത് അറസ്റ്റ് നടപടിയിലേക്കും കടന്നു.
ചിക്കമഗളൂരു ഖണ്ഡ്യ മർകണ്ഠേശ്വര ക്ഷേത്രം പൂജാരിമാരായ കൃഷ്ണാനന്ദ ഹൊള്ള(63), നാഗേന്ദ്ര ജോയ്സ്(41) എന്നിവരെ പുലിനഖ ലോക്കറ്റ് ധരിച്ചതിന് വ്യാഴാഴ്ച വനം അധികൃതർ അറസ്റ്റ് ചെയ്തിരുന്നു. 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കടുവ, സിംഹം, മാൻ തുടങ്ങിയ വന്യമൃഗങ്ങളെ കൊല്ലുന്നതും അവയുടെ നഖം, തോൽ, കൊമ്പ് തുടങ്ങിയവ സൂക്ഷിക്കുന്നതും വിൽപന നടത്തുന്നതും വനം-വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.