ഇരിട്ടി: ഉളിക്കൽ പരിക്കളത്ത് ജനങ്ങളിൽ ഭീതിപരത്തിയ സ്ഫോടന ശബ്ദത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വീടിന്റെ ടെറസിൽനിന്ന് മൂന്ന് ഐസ്ക്രീം ബോംബുകൾ പിടികൂടി.ഇതുമായി ബന്ധപ്പെട്ട് വീട്ടുടമ മൈലപ്രവൻ ഗിരീഷിനെ (37) ഇൻസ്പെക്ടർ പി. അരുൺദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു നാട്ടുകാർ ഉഗ്ര സ്ഫോടന ശബ്ദം കേൾക്കുന്നത്.
ഗിരീഷിന്റെ വീടിന്റെ ഭാഗത്തുനിന്നാണ് ശബ്ദം കേട്ടതെന്ന് സംശയിച്ച നാട്ടുകാർ ഉടനെ ഉളിക്കൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ടെറസിന്റെ മുകളിൽ പെയിന്റിങ്ങിന്റെ ഒഴിഞ്ഞ പാട്ടകളിൽ സൂക്ഷിച്ച മൂന്ന് ഉഗ്ര സ്പോടനശേഷിയുള്ള ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തത്.
ഇക്കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ബോംബ് ടെറസിൽനിന്ന് വീടിന്റെ പിൻവശത്തെ മുറ്റത്ത് വീണ് പൊട്ടുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി.പൊട്ടിയ ബോംബിന്റെ അവശിഷ്ടങ്ങൾ മുഴുവൻ മാറ്റി വെള്ളമൊഴിച്ച് കഴുകിയ നിലയിലായിരുന്നു. സ്ഫോടന സമയത്ത് വീട്ടിൽ ഗിരീഷിന്റെ അമ്മയും വല്യമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. ഇവർക്കാർക്കും പരിക്കില്ല.
ഒരുവിധ പ്രശ്നങ്ങളോ സംഘർഷങ്ങളോ ഇല്ലാത്ത പ്രദേശമാണ് പരിക്കളം മേഖല. ഇവിടെ ബോംബ് സ്ഫോടനം ഉണ്ടായതും ബോംബുകൾ പിടികൂടിയതുമായ സംഭവം ജനങ്ങളിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസും അന്വേഷണം ഊർജിതമാക്കി.എ.എസ്.ഐമാരായ രാജീവൻ, ഷിബു, വേണു, സി.പി.ഒ ധനേഷ്, ബോംബ് സ്ക്വാഡ് എസ്.ഐ ബാബു, സി.പി.ഒ നാമേഷ്, മല്ലൻ എന്ന നായയും പരിശോധനയിൽ പങ്കെടുത്തു. അറസ്റ്റുചെയ്ത ഗിരീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.