നേമം: അബൂദബിയിൽ എണ്ണ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ രണ്ടുപേരെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ പാവറട്ടി ചെമ്മനാട് സ്വദേശി മുഹമ്മദ് റിസ്വാൻ, കരകുളം പൊന്നുനട സ്വദേശി അനിത എന്നിവരാണ് അറസ്റ്റിലായത്.
തിരുമല മങ്കാട് മൽഹാർ വീട്ടിൽ ആർ.സുരേഷ് ആണ് തട്ടിപ്പിനിരയായത്.
സുരേഷിന്റെ മകൻ അഭിലാഷിന് രണ്ടുലക്ഷം രൂപ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് 1,30,000 രൂപ കൈക്കലാക്കി. സുരേഷിന്റെ മൊബൈൽ ഫോണിലേക്ക് വ്യാജ വീസ അയച്ചുകൊടുത്തായിരുന്നു തട്ടിപ്പ്.
മുഹമ്മദ് റിസ്വാന്റെ അക്കൗണ്ടിലേക്ക് 1.30 ലക്ഷം രൂപ അയച്ചു കൊടുത്ത് ഒരു വർഷം കഴിഞ്ഞിട്ടും വിസ ലഭിച്ചില്ല. പണം തിരികെ നൽകാതായതോടെയാണ് സുരേഷ് പോലീസിൽ പരാതിയുമായി എത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികൾ കസ്റ്റഡിയിലായത്.
വലിയതുറ: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഉൾപ്പെട്ട പ്രതികളെ തിരുവനന്തപുരം ബ്യൂറോ ഓഫ് എമിഗ്രേഷൻ ഡ്യൂട്ടി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി വലിയതുറ പൊലീസിന് കൈമാറി. പാലക്കാട് സ്വദേശി അംജി മുഹീത്, മലപ്പുറം സ്വദേശി അബ്ദുൽ ലത്തീഫ് എന്നിവരാണ് പിടിയിലായത്. മലേഷ്യയിലെ വിവിധ സ്ഥാപനങ്ങളിലെ ജോലി വാഗ്ദാനം ചെയ്തത് മലപ്പുറം സ്വദേശികളായ ആറ് യുവാക്കളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിലാണ് ഇവർ പിടിയിലായത്. പ്രതികൾ പണം കൈപ്പറ്റിയ ശേഷം സന്ദർശക വിസയിൽ യുവാക്കളെ മലേഷ്യയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് യുവാക്കളെ നാട്ടിലേക്ക് തിരിച്ചു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
നേമം: പോലീസിനെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. ബാലരാമപുരം ഭഗവതിനട തെങ്കറക്കോണം മേലെ പൊന്നറത്തല വീട്ടില്‍ ആദിത്യനെയാണ് (21) മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. പേയാട് പെട്രോള്‍ പമ്പ് ആക്രമണക്കേസുമായി ബന്ധപ്പെട്ട പ്രതിക്കായി പൊലീസ് പരിശോധനക്കെത്തിയപ്പോള്‍ ആദിത്യന് അക്രമാസക്തനായി പോലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.
പൊലീസ് അന്വേഷിച്ച പ്രതിയുടെ സുഹൃത്താണ് ആദിത്യൻ. സംഭവത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ട ആദിത്യനെ പോലീസ് ബാലരാമപുരത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
നേമം: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പൊലീസ് മൂന്നുപേർക്കെതിരേ വധശ്രമത്തിന് കേസെടുത്തു. വെള്ളായണി തെന്നൂർ രാധിക ഭവനിൽ രാജേഷ്കുമാറി (32) നെയാണ് വെട്ടിപരിക്കേല്പിച്ചത്. കല്ലിയൂർ പഞ്ചായത്തിലെ വാർഡ് മെമ്പറും കുടുംബാംഗങ്ങളായ രണ്ടുപേരും ചേർന്നാണ് വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് പരാതി. വെട്ടുകൊണ്ട് രക്തത്തിൽ കുളിച്ചു കിടന്ന രാജേഷ് കുമാറിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. യുവാവിന്റെ മൊഴിയിൽ കേസെടുത്ത നേമം പോലീസ് പഞ്ചായത്ത് മെമ്പർ, ഇവരുടെ രണ്ടു ബന്ധുക്കൾ എന്നിവർക്കെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മൂന്നുപേരും ഒളിവിലാണ്.
തിരുവനന്തപുരം: വാഹനം മാറ്റിയിടാത്തതിന് കാർ ഉടമയെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ. ജഗതി കുളപ്പുര വീട്ടിൽ പ്രവീണിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.