തിരുവല്ല: തിരുവല്ല കടപ്രയിലെ സിനിമ തിയറ്ററിലെ പാർക്കിങ് ഗ്രൗണ്ടിൽവെച്ച് മൂന്നുപേരെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലെ മുഖ്യപ്രതി പുളിക്കീഴ് പൊലീസിന്റെ പിടിയിലായി. കടപ്ര വളഞ്ഞവട്ടം കൂരാലിൽ വീട്ടിൽ നിഷാദ് (കൊച്ചുമോൻ-35) ആണ് പിടിയിലായത്. കടപ്ര ഗ്രാൻഡ് മാളിൽ പ്രവർത്തിക്കുന്ന ആശീർവാദ് സിനിമാസിൽ സിനിമ കാണാനെത്തിയ പരുമല സ്വദേശികളായ ശ്രീഹരി, ആദിത്യൻ, ജയസൂര്യ എന്നിവരെ വടിവാൾ കൊണ്ട് വെട്ടി പരിക്കേൽപിച്ച കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം. സിനിമ കാണുന്നതിനിടെ ഉണ്ടായ വാക്കേറ്റം കൈയാങ്കളിയുടെ വക്കിലെത്തിയതോടെ തിയറ്റർ ജീവനക്കാർ ചേർന്ന് ഇരുസംഘങ്ങളെയും തിയറ്ററിൽനിന്ന് പുറത്താക്കി. തുടർന്ന് പാർക്കിങ് ഗ്രൗണ്ടിലേക്കുപോയ പരുമല സ്വദേശികളെ പിന്തുടർന്ന നിഷാദും കൂട്ടുപ്രതി ചെങ്ങന്നൂർ പാണ്ടനാട് നോർത്ത് മുറിയായിക്കരയിൽ കൂട്ടുമ്മത്തറ വീട്ടിൽ ശ്രുതീഷും ചേർന്ന് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. പൊലീസ് എത്തും മുമ്പ് ഇരുവരും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം കടന്നുകളഞ്ഞു.
സംഭവശേഷം ഒളിവിൽപോയ ശ്രുതീഷിനെയും ചെങ്ങന്നൂരിലെ ലോഡ്ജിൽ ഒളിത്താവളം ഒരുക്കിനൽകിയ ചെങ്ങന്നൂർ സ്വദേശി സുജിത് കൃഷ്ണനെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പൊലീസിനെ കണ്ട് രക്ഷപ്പെട്ട നിഷാദിനെ വളഞ്ഞവട്ടത്തുനിന്നാണ് പിടികൂടിയത്.
ഗുണ്ടാത്തലവൻ ലിജു ഉമ്മനുമായി ചേർന്ന് 2006 മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ കൊലപാതകവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ പത്തോളം വധശ്രമ കേസും രണ്ട് പോക്സോ കേസും തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറിയടക്കം 25 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ നിഷാദ് എന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.