80-ാം വയസ്സിൽ വീണ്ടും വിവാഹം കഴിക്കാൻ മോഹം; എതിർപ്പ് പ്രകടിപ്പിച്ച മകനെ വയോധികൻ വെടിവെച്ചു കൊന്നു

80-ാം വയസ്സിൽ വീണ്ടും വിവാഹം കഴിക്കാൻ മോഹം; എതിർപ്പ് പ്രകടിപ്പിച്ച മകനെ വയോധികൻ വെടിവെച്ചു കൊന്നു

രാജ്കോട്ട്: എൺപതാം വയസ്സിൽ രണ്ടാമതും വിവാഹം കഴിക്കാനുള്ള പിതാവിന്റെ ശ്രമങ്ങൾക്ക് എതിരുനിന്ന മകന് നഷ്ടമായത് സ്വന്തം ജീവൻ. ഗുജറാത്തിലെ രാജ്കോട്ടിലാണ് തന്റെ രണ്ടാം വിവാഹത്തിന് വിസമ്മതിച്ചതിനെ തുടർന്ന് 52 വയസ്സുള്ള മകനെ വയോധികൻ വെടിവച്ചു കൊന്നത്.

പ്രതിയായ രാംഭായ് ബോറിച്ചയും മകൻ പ്രതാപ് ബോറിച്ചയും സംഭവ ദിവസം വിവാഹവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായി എൻ‌.ഡി‌.ടി‌.വി റിപ്പോർട്ട് ചെയ്തു. ഇരുപത് വർഷം മുമ്പ് ഭാര്യ മരിച്ചതിനെ തുടർന്നാണ് പുനർ വിവാഹത്തിനുള്ള തന്‍റെ ആവശ്യം രാംഭായ് അറിയിച്ചത്. പുനർവിവാഹം കഴിക്കാനുള്ള പിതാവിന്റെ തീരുമാനത്തെ പ്രതാപ് എതിർത്തതാണ് തർക്കത്തിന് കാരണമായത്. ഇതിൽ പ്രകോപിതനായ രാംഭായ് തോക്കെടുത്ത് മകനു നേരെ രണ്ടു തവണ നിറയൊഴിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ പ്രതാപ് കൊല്ലപ്പെട്ടു.

രാവിലെ ഭർത്താവിനൊപ്പം റാംഭായിക്ക് ചായ നൽകി അടുക്കളയിലേക്ക് മടങ്ങിയശേഷം രണ്ടു തവണ വെടിയൊച്ച കേൾക്കുകയായിരുന്നുവെന്ന് പ്രതാപിന്റെ ഭാര്യ ജയ ബെൻ പൊലീസിന് മൊഴി നൽകി. ജയ ഓടിയെത്തിയപ്പോൾ അവരെയും ആക്രമിക്കാൻ ശ്രമിച്ചു. രക്ഷപ്പെ​ട്ടോടിയ അവർ മകൻ എത്തിയ ശേഷം സംഭവ സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ പ്രതാപ് രക്തത്തിൽ കുളിച്ചു കിടക്കു​ന്നതാണ് കണ്ടത്. മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹത്തിനരികിൽ നിർവികാരനായി ഇരിക്കുകയായിരുന്നു റാംഭായി. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടക്കത്തിൽ സ്വത്തുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നായിരുന്നു നിഗമനം. വീണ്ടും വിവാഹിതനാവാനുള്ള പിതാവിന്റെ ആഗ്രഹത്തിന് മകൻ എതിരുനിന്നതോടെയാണ് കൊലയെന്ന് പിന്നീടാണ് തെളിഞ്ഞത്. വിവാഹത്തിന് എതിരുനിന്ന മകനെയും കുടുംബത്തെയും കൊല്ലുമെന്ന് റാംഭായ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ജയ ബെന്നിന്റെ പരാതിയിൽ ജസ്ദാൻ പൊലീസ് കേസെടുത്ത് റാംഭായിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

Tags:    
News Summary - Gujarat man, 80, shoots son dead for objecting to his decision to remarry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.