മീററ്റ്: സഹാറൻപൂരിൽ വ്യാജ പശു കശാപ്പ് കേസിൽ മാംസ വ്യാപാരിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയ 'ഗോ രക്ഷകൻ' അറസ്റ്റിൽ. വിശ്വ ഹിന്ദു പരിവാർ സ്ഥാപകൻ വിഷ് സിങ് കംബോജ് എന്ന് വ്യക്തിയാണ് അറസ്റ്റിലായത്. തന്റെ ബിസിനസ്സ് പങ്കാളിയായിരുന്ന മുസ്ലിം യുവാവിനെ കേസിൽ കുടുക്കാൻ ആഗ്രഹിച്ചിരുന്ന മാംസ വ്യാപാരിയായ ഖുറേഷിയിൽ നിന്ന് 50,000 രൂപ ഇയാൾ കൈപ്പറ്റിയതായാണ് വിവരം.
പശുവിനെ കൊന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയും കൂട്ടാളികളും ജില്ലയിലെ ഒരു പ്രധാന ഹൈവേയിൽ കന്നുകാലികളുടെ അവശിഷ്ടങ്ങളുമായി റോഡ് ഉപരോധിച്ചതായി സർസാവ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ നരേന്ദർ ശർമ മാധ്യമങ്ങളോട് പറഞ്ഞു.
ജഡത്തിന് വളരെ പഴക്കം ഉണ്ടായിരുന്നത് സംശയത്തിന് കാരണമായി. പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതിഷേധക്കാരിൽ നിന്ന് ലഭിച്ചത്. തുടർന്നാണ് വലതുപക്ഷ സംഘടനയായ വിശ്വ ഹിന്ദു പരിവാർ സ്ഥാപകൻ വിഷ് സിങ് കാംബോജിനെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഖുറേഷിയുടെ നിർദ്ദേശപ്രകാരമാണ് മൃഗത്തിന്റെ അവശിഷ്ടങ്ങൾ റോഡിൽ വെച്ച് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അയാൾ സമ്മതിച്ചു എന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
ഖുറേഷിയും പഴയ ബിസിനസ്സ് പങ്കാളിയും മാംസക്കച്ചവടക്കാരാണെന്നും എന്നാൽ അയാളുടെ ബിസിനസ്സ് കൂടുതൽ വിജയകരമായിരുന്നു. ഇതാണ് ഖുറേഷിയെ ഇത്തരം പദ്ധതി ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. "ഗോവധ കേസുകളുടെ സെൻസിറ്റിവിറ്റി കണക്കിലെടുത്ത്, കോടതികൾ പോലും ജാമ്യം നൽകാൻ മടിക്കുന്നു. സ്വന്തം ബിസിനസ്സ് അഭിവൃദ്ധിപ്പെടാൻ വേണ്ടി എതിരാളിയെ ജയിലിലടക്കാൻ ഉദ്ദേശിച്ചുകൊണ്ട് ഖുറേഷി ഇത് മുതലെടുക്കാൻ ശ്രമിച്ചതായി പൊലീസ് പറഞ്ഞു.
ഖുറേഷി ഇപ്പോൾ ഒളിവിലാണ്. ഇയാളുടെ പഴയ ബിസിനസ് പങ്കാളിയുടെ പേര് പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ അറസ്റ്റിനുശേഷം വെളിപ്പെടുത്തുമെന്ന് അറിയിച്ചു. ഗുണ്ടാ ആക്ട്, കലാപം എന്നിവയുൾപ്പെടെയുള്ള കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള പതിവ് കുറ്റവാളിയാണ് വിഷ് സിങ് കാംബോജ് എന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.