മുംബൈ: മുംബൈയിലെ പ്രശസ്തമായ ലീലാവതി ആശുപത്രിയിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. 1250 കോടി രൂപയുടെ ഫണ്ട് മുൻ ട്രസ്റ്റിമാർ അടിച്ചുമാറ്റിയെന്നാണ് നിലവിലെ ഭരണസമിതി അംഗങ്ങളുടെ ആരോപണം. 20 വർഷത്തിനിടെ 1250 കോടി രൂപ തട്ടിയെടുത്തതതായി ആരോപിച്ച് 17 പേർക്കെതിരെയാണ് അംഗങ്ങൾ പരാതി നൽകിയത്. അതിനു പിന്നാലെ ആശുപത്രി വളപ്പിൽ ദുർമന്ത്രവാദം നടന്നതായും ആരോപണമുയർന്നു.
ഈ ട്രസ്റ്റിമാരുടെ ഓഫിസിനു കീഴിൽ, അതായത് ആശുപത്രി വളപ്പിൽ നിന്ന് അസ്ഥികളും തലമുടിയും അരിയും മറ്റ് വസ്തുക്കളും അടങ്ങിയ എട്ട് കുടങ്ങൾ കണ്ടെത്തിയതായാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ആശുപത്രിയിലെ സ്ഥിരം ട്രസ്റ്റിയായ പ്രശാന്ത് മേത്തയുടെ ഓഫിസിൽ ദുർമന്ത്രവാദം നടന്നിരുന്നതായി ചില ജീവനക്കാർ മാസങ്ങൾക്ക് മുമ്പ് ആരോപിച്ചിരുന്നു. ഇത് മുംബൈ പൊലീസ് കമീഷണറും നിലവിൽ ലീലാവതി ആശുപത്രിയിുടെ എക്സിക്യുട്ടീവ് ഡയറക്ടറുമായ പരം ബീർ സിങ് ശരിവെച്ചിട്ടുമുണ്ട്.
ഓഫിസിലെ തറ കുഴിച്ചപ്പോൾ മനുഷ്യ അസ്ഥിയടക്കം നിറച്ച എട്ട് കുടങ്ങൾ കണ്ടെത്തിയെന്നായിരുന്നു ആരോപണം. പൊലീസ് വിഷയത്തിൽ പരാതി സ്വീകരിക്കാൻ തയാറാകാത്തതിനെ തുടർന്ന് ട്രസ്റ്റ് അംഗങ്ങൾ ബാന്ദ്ര കോടതിയെ സമീപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പരാതി നൽകിയിട്ടുണ്ട്. അതേസമയം, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് മുൻ ട്രസ്റ്റി അംഗങ്ങളുടെ വാദം. ദുർമന്ത്രവാദ പ്രവർത്തനങ്ങളുടെ തെളിവുകൾ ആശുപത്രി ജീവനക്കാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് മഹാരാഷ്ട്ര മന്ത്രവാദ വിരുദ്ധ നിയമപ്രകാരം മറ്റൊരു പരാതി ഫയൽ ചെയ്തിട്ടുണ്ട്.
2024ൽ കിഷോർ മേത്തയുടെ മരണശേഷമാണ് മകൻ പ്രശാന്ത് മേത്ത സ്ഥിരം ട്രസ്റ്റിയായി മാറിയത്. പ്രശാന്ത് അക്കൗണ്ടുകളുടെ ഫോറൻസിക് ഓഡിറ്റ് നടത്തി വ്യാജ ഉത്തരവുകളിലൂടെയും രേഖകളിലൂടെയും പണം തട്ടിയെന്നാണ് ആരോപണം. ആശുപത്രിയുടെ സാമ്പത്തിക രേഖകളുടെ അടുത്തിടെ നടന്ന ഫോറൻസിക് ഓഡിറ്റിനെ തുടർന്നാണ് വൻ തട്ടിപ്പ് പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.