കൊച്ചി: നടൻ ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചന കേസിൽ സൈബർ ഹാക്കർ സായ് ശങ്കർ കസ്റ്റഡിയിൽ. കളമശേരി കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘമാണ് സായ് ശങ്കറെ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ഫോണിൽ നിന്ന് ചില നിർണായക വിവരങ്ങൾ മായിച്ചു കളഞ്ഞത് സായ് ശങ്കറാണെന്നും ഈ വിവരങ്ങൾ ഇയാളുടെ പക്കലുണ്ടെന്നുമാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം. ദിലീപിന്‍റെ മൊബൈലിലെ തെളിവുകൾ നശിപ്പിച്ച കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ.
നേരത്തെ, വധഗൂഢാലോചന കേസിൽ മുൻകൂർ ജാമ്യം തേടി സായ് ശങ്കർ ഹൈകോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസിൽ തന്നെയും അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നാണ് സായ് ശങ്കർ മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ, കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ല.
ദിലീപിന്റെ ഫോണിൽ നിന്ന് ചില നിർണായക രേഖകൾ മായിച്ചുകളഞ്ഞെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചോദ്യംചെയ്യലിന് ഹാജരാകാൻ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നു. ദിലീപിനു വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകനെതിരെ വ്യാജ തെളിവുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും തന്നെയും കുടുംബത്തെയും ക്രൈംബ്രാഞ്ച് വേട്ടയാടുകയാണെന്നും സായ് ശങ്കർ ആരോപിച്ചു.
ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നെന്ന് ആരോപിച്ച് സായ് ശങ്കർ മറ്റൊരു ഹരജിയും നൽകിയിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് ക്രൈംബ്രാഞ്ച് നൽകിയ നോട്ടീസിലെ തുടർനടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉപഹരജി കൂടി സായ് നൽകിയിട്ടുണ്ട്. ഭാര്യമാതാവിനോട് ചോദ്യംചെയ്യലിന് ഹാജരാകാൻ ഫോണിൽ നിർദേശിച്ചെന്നും നോട്ടീസില്ലാതെ ചോദ്യംചെയ്യലിന് ഹാജരാകാനാകില്ലെന്ന് മറുപടി നൽകിയെന്നും ഉപഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശി എം.കെ. മിൻഹാജിൽ നിന്ന് 36 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചെന്ന ഒരു കേസും സായ് ശങ്കറിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ മുൻകൂർ ജാമ്യം തേടി സായ് ശങ്കർ ഹൈകോടതിയെ സമീപിച്ചിരുന്നു.
2019 സെപ്റ്റംബർ ഒമ്പതിന് കോഴിക്കോട് സ്വദേശിയിൽ നിന്ന് 36 ലക്ഷം രൂപ വാങ്ങിയെന്നായിരുന്നു പരാതി. ചെന്നൈയിൽ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ കൈമാറാം എന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഇത് പാലിച്ചില്ലെന്ന് പരാതിയിൽ പറയുന്നത്. പണം കൈമാറിയതിന് രേഖകളൊന്നുമില്ലെന്നാണും പ്രതികാര നടപടിയുടെ ഭാഗമാണ് പരാതിയെന്നും ഹരജിയിൽ സായ് ശങ്കർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.