പുനലൂർ: പഴയ സ്വർണാഭരണങ്ങൾ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചശേഷം തലക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും, അഞ്ചര ലക്ഷം രൂപയും മൊബൈൽ ഫോണും കവരുകയും ചെയ്ത നാലംഗ സംഘത്തിലെ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ആലപ്പുഴ കാവാലം കുന്നമ്മക്കര എന്ന പുത്തൻവീട്ടിൽ അരുണ എന്ന കുഞ്ഞുമോൾ (46), ഇവരുടെ ഡ്രൈവർ തിരുവനന്തപുരം പോത്തൻകോട് സ്വദേശി അശ്വിൻ എന്ന നിജാസ് (35) എന്നിവരെയാണ് പുനലൂർ പൊലീസ് പിടികൂടിയത്.
ആലപ്പുഴ ജില്ലയിലെ വിവിധ ജ്വല്ലറികളിൽ സെയിൽസ്മാനായിരുന്ന ചെട്ടികുളങ്ങര കന്നമംഗലം കാർത്തികയിൽ പി. ഗിരീഷ് (44) നെയാണ് ആക്രമിച്ച് പണം കവർന്നത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച് നിന്ന ഗിരീഷിനെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. കൊട്ടാരക്കര ഭാഗത്ത് നിന്നും പൊലീസ് കാർ കണ്ടെത്തി രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വാഹനത്തിൽ നിന്നും ഗിരീഷിന്റേതെന്ന് പറയുന്ന മൂന്നുലക്ഷം രൂപ കൂടി കണ്ടെടുത്തു. ഗിരീഷിനെ ആക്രമിച്ചു കവർച്ച ചെയ്ത രണ്ട് പ്രതികളെപ്പറ്റി പൊലീസിന് സൂചന ലഭിച്ചു. പ്രതിമകൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. പുനലൂർ ഡി.വൈ.എസ്.പി ഐ. പ്രദീപ്കുമാർ, എസ്. എച്ച്.ഒ രാജേഷ് കുമാർ, ഏസ്.ഐമാരായ അനീഷ്, സുരേഷ് കുമാർ, ഷാജഹാൻ, അജികുമാർ രാജേഷ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.