പൊന്നാനി: ആറു മാസത്തിന് ശേഷം കടവനാട് തേറയിൽ പീടിക ഭാഗത്ത് വീണ്ടും അക്രമം. രണ്ട് ബൈക്കുകളിൽ മുഖം മൂടി ധരിച്ചെത്തിയ ആറംഗ സംഘം യുവാവിനെ മാരകായുധങ്ങൾ കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. കടവനാട് സ്വദേശി അടിപ്പറമ്പിൽ ശ്യാംജിത്തിനാണ് (24) അക്രമത്തിൽ തലക്കും കൈയിനും ഗുരുതര പരിക്കേറ്റത്. ശനിയാഴ്ച രാത്രി എട്ടിന് തേറയിൽപീടിക ഭാഗത്ത് ശ്യാംജിത്ത് ഉൾപ്പെടെ നാല് സുഹൃത്തുക്കൾ ഇരിക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘം ഇരുമ്പുവടികൾ കൊണ്ട് ഇവർക്ക് നേരെ അക്രമമഴിച്ചു വിടുകയായിരുന്നു.
ശ്യാംജിത്ത് ഒഴികെയുള്ളവർ ഓടി രക്ഷപ്പെട്ടെങ്കിലും ശ്യാംജിത്തിനെ അക്രമിക്കുകയായിരുന്നു. മർദനത്തിൽ ഇടത് കൈയിന്റെ എല്ല് തകരുകയും തലക്ക് പിന്നിൽ പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ശ്യാംജിത്തിനെ പൊന്നാനി താലൂക്കാശുപത്രി, തുടർന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബി.ജെ.പി പ്രവർത്തകരാണ് അക്രമിച്ചതെന്ന് ശ്യാംജിത്ത് പറഞ്ഞു. ഡിസംബറിൽ ഈ ഭാഗത്ത് സി.പി.എം-ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ അക്രമമുണ്ടായിരുന്നു. ശ്യാംജിത്തിന്റെ സുഹൃത്തുക്കളും ഈ സംഭവത്തിൽ ഉൾപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയാകാം അക്രമത്തിന് പിന്നിലെന്നാണ് സംശയം. സംഭവത്തിൽ പൊന്നാനി പൊലീസിൽ പരാതി നൽകി. തിരൂർ ഡിവൈ.എസ്.പി പി. ഷംസിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.