ഹൈദരാബാദ്: ആദിവാസി യുവതിയെ മർദിച്ച് കൊന്നതിനു ശേഷം ബലാൽസംഗം ചെയ്ത യുവാവ് അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി ഹൈദരാബാദിനടുത്ത് യാദാദ്രി ഭുവനഗിരി ജില്ലയിലെ ചൗട്ടുപ്പാൽ എന്ന സ്ഥലത്താണ് സംഭവം.
ചൗട്ടുപ്പാലിലെ ഇഷ്ടിക ഗോഡൗണിൽ ജോലി ചെയ്യുകയായിരുന്ന 28കാരിയായ ആദിവാസി സ്ത്രീയെ ഹരീഷ് ഗൗഡ് എന്ന 25കാരൻ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. നാഗർകുർനൂൽ ജില്ലയിൽ നിന്ന് ഉപജീവനത്തിന് വേണ്ടിയാണ് രണ്ട് മാസം മുമ്പ് യുവതിയും ഭർത്താവും ചൗട്ടുപാലിൽ എത്തിയത്. സാംഗറെഡ്ഡി ജില്ലക്കാരനായ പ്രതി യുവതി ജോലി ചെയ്യുന്ന ഡോഡൗണിനടുത്തുള്ള ഡയറി ഫാമിലെ ജീവനക്കാരനായിരുന്നു.
ജോലി സ്ഥലത്ത് യുവതിയെ തനിച്ച് കണ്ട പ്രതി ലൈംഗിക വേഴ്ചക്ക് വേണ്ടി സമീപിക്കുകയായിരുന്നു. എന്നാലതിന് വിസമ്മതിക്കുകയും തന്‍റെ ഭർത്താവ് സ്ഥലത്തെത്തിയാൽ ഇക്കാര്യം അറിയിക്കുകയും ചെയ്യുമെന്ന് പറഞ്ഞ യുവതിയെ പ്രതി തൊട്ടടുത്തുണ്ടായ തടിക്കഷണമെടുത്ത് മുഖത്തടിച്ച് വീഴ്ത്തുകയായിരുന്നു. രക്തസ്രാവത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട യുവതിയെ പ്രതി ബലാൽസംഗം ചെയ്യുകയും ശരീരരത്തിലണിഞ്ഞിരുന്ന വെള്ളിയാഭരണങ്ങൾ മോഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു.
ഗോഡൗണിൽ എത്തിയ യുവതിയുടെ ഭർത്താവ് രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടെത്തുകയും ഉടൻ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടി.
ബലാൽസംഗം, മോഷണം, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.